Monday, November 25, 2024

പെഷവാറിൽ ബോംബ് സ്ഫോടനം: ഒരു മരണം; എട്ടുപേർക്ക് പരിക്ക്

പാക്കിസ്ഥാനിലെ പെഷവാറിൽ സുരക്ഷാസേനയുടെ വാഹനത്തില്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ ഒരു അർധ സൈനികോദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. രണ്ട് സിവിലിയന്മാര്‍ ഉള്‍പ്പടെ എട്ടുപേർക്ക് പരിക്കേറ്റതായി വാർസക് പൊലീസ് സൂപ്രണ്ട് (എസ്.പി) മുഹമ്മദ് അർഷാദ് ഖാൻ അറിയിച്ചു.

മച്നിയിൽനിന്ന് പെഷവാറിലേക്കുപോയ സുരക്ഷാസേനയുടെ വാഹനത്തിലാണ് സ്ഫോടനം ഉണ്ടായത്. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐ.ഇ.ഡി) ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ബോംബ് നിർവീര്യമാക്കൽ യൂണിറ്റ് എത്തി പരിശോധിച്ചശേഷം റിപ്പോർട്ട് നൽകിയാൽ മാത്രമേ സ്‌ഫോടനത്തിന്റെ സ്വഭാവം വെളിപ്പെടുത്താനാകൂവെന്നും എസ്.പി പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മാലി ഖേൽ പ്രദേശത്തു നടന്ന ചാവേർ ബോംബാക്രമണത്തിൽ ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനുപിന്നാലെയാണ് പെഷവാറിലെ സ്ഫോടനം. ജൂലൈ 30 -ന് പ്രവിശ്യയിലെ ഖാർ എന്ന സ്ഥലത്ത് ഒരു രാഷ്ട്രീയപാർട്ടി യോഗത്തിൽ നടന്ന ചാവേറാക്രമണത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 -ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Latest News