ജപ്പാനിലെ വകയാമാ നഗരത്തിലെ സമ്മേളന വേദിയില്‍ ബോംബാക്രമണം. പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ കിഷിദക്ക് പരിക്കില്ലെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായും ജാപ്പനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വകയാമ നമ്പര്‍ 1 ജില്ലയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഔദ്യോഗിക പ്രചാരണത്തിനായി കിഷിദ എത്തിയ വേദിയിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വലിയ സ്ഫോടന ശബ്ദം കേൾക്കുകയും പിന്നാലെ അദ്ദേഹത്തിനു നേരെ സ്‌മോക് / പൈപ്പ് ബോംബ് എറിയുകയും ചെയ്യുകയായിരുന്നുവെന്ന് പബ്ലിക് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയതായും വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഉപരിസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണാര്‍ത്ഥം നാര പട്ടണത്തിലെത്തിയ ആബെക്കു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.