ഇന്ത്യ-ചൈന അതിർത്തി വിഷയം ഉന്നയിച്ച് പാർലമെൻറിൽ ഇന്നും പ്രതിപക്ഷം ബഹളം വച്ചു. വിഷയത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിനെത്തുടർന്നാണ് പാർലമെൻറ് പ്രഷുബ്ദമായത്. പ്രതിഷേധത്തെത്തുടർന്ന് പ്രതിപക്ഷം രാജ്യസഭാ നടപടികൾ ബഹിഷ്കരിച്ചു.
അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയിൽ ഇന്ത്യ–ചൈന സൈനികർ തമ്മിൽ ഈ മാസം ഒൻപതിനാണ് സംഘർഷം ഉണ്ടായത്. ഇരുഭാഗത്തെയും സൈനികർക്കു പരുക്കേറ്റതായിട്ടായിരുന്നു റിപ്പോർട്ടുകൾ. വിഷയത്തിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇരു സഭകളിലും അഞ്ച് ദിവസമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും തുടർച്ചയായി അനുമതി നിഷേധിക്കുകയായിരുന്നു.
അതേസമയം പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതിനെ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ രൂക്ഷമായി വിമർശിച്ചു. “ക്രിയാത്മകമായ ചർച്ച നടക്കേണ്ട പാർലമെൻറ് തടസ്സപ്പെടുത്തുന്നത് ശരിയല്ല. സമയം നഷ്ടപ്പെടുത്തുന്നത് വേദനാ ജനകമാണ്”- രാജ്യസഭാധ്യക്ഷൻ പറഞ്ഞു. എന്നാൽ ഏത് വിഷയത്തേക്കാളും വലുത് രാജ്യത്തിൻറെ സുരക്ഷയാണെന്നും വിഷയത്തിൽ ചർച്ച വേണമെന്നും നോട്ടീസ് നൽകിയ കോൺഗ്രസ് എംപി പ്രമോദ് തിവാരി ചൂണ്ടിക്കാട്ടി. തുടർന്ന് ചർച്ച അനുവദിക്കാഞ്ഞതിനാൽ പ്രതിപക്ഷം ഇറങ്ങി പോകുകയായിരുന്നു. ലോകസഭയിലും വിഷയത്തിൽ നോട്ടീസ് നൽകി എങ്കിലും പ്രതിപക്ഷം നടപടികളുമായി സഹകരിച്ചു.