Sunday, November 24, 2024

ജര്‍മനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്നു ബോട്‌സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്‌സി മസീസിയുടെ ഭീഷണി

സ്ഥിതി സംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കാന്‍ വന്ന ജര്‍മനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്നു ബോട്‌സ്വാന പ്രസിഡന്റ് മോക്ഗ്വീറ്റ്‌സി മസീസി. പരിസ്ഥിതി സംരക്ഷണം മൂലം ആനകള്‍ പെരുകി ശല്യം സഹിക്കവയ്യാതായ പശ്ചാത്തലത്തിലാണ് ഈ ഭീഷണി.

1,30,000 ആഫ്രിക്കന്‍ ആനകളാണു ബോട്‌സ്വാനയിലുള്ളത്. രാജ്യത്തിന് ഉള്‍ക്കൊള്ളാവുന്നതിനും വളരെക്കൂടുതലാണിത്. കാട്ടാനകള്‍ വന്‍തോതില്‍ വിള നശിപ്പിക്കുകയും ജനങ്ങള്‍ക്കു ശല്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. വിനോദത്തിനുവേണ്ടിയുള്ള വേട്ടയാടലിലൂടെയാണു കാട്ടാനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ബോട്‌സ്വാന ജനതയ്ക്ക് ഇതൊരു വരുമാനമാര്‍ഗവുമാണ്.

വേട്ടയാടി കൊല്ലുന്ന ആനകളുടെ കൊമ്പും മറ്റു ഭാഗങ്ങളും പാശ്ചാത്യര്‍ കൊണ്ടുപോകാറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജര്‍മനിയിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി. വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളുടെ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കണമെന്ന് ജര്‍മന്‍ പരിസ്ഥിതി മന്ത്രാലയം അടുത്തിടെ ശിപാര്‍ശ ചെയ്തിരുന്നു.

നേരത്തെ ബോട്‌സ്വാന സര്‍ക്കാര്‍ അയല്‍രാജ്യമായ അംഗോളയ്ക്ക് 8,000 ആനകളെ വെറുതേ നല്കിയിരുന്നു. മൊസാംബിക്കിനും നല്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജര്‍മനിക്കും ഇതുപോലൊരു സമ്മാനം നല്കാമെന്നാണ് പ്രസിഡന്റ് മസീസി പറഞ്ഞത്.

‘ഞങ്ങളെ ഉപദേശിക്കുന്നതു പോലെ ജര്‍മന്‍കാര്‍ ഈ മൃഗങ്ങള്‍ക്കൊപ്പം ഒന്നു ജീവിച്ചുനോക്കണം. ഇതൊരു തമാശയല്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News