Tuesday, April 1, 2025

ആണ്‍കുട്ടികളെ നിയന്ത്രിക്കാം സ്നേഹത്തോടെ

ആണ്‍കുട്ടികള്‍ക്ക് അമ്മമാരോടും പെണ്‍കുട്ടികള്‍ക്ക് അച്ഛന്മാരോടും ഒരു പ്രത്യേക അടുപ്പമുണ്ട്. അത് സ്വാഭാവികമായ ഒന്നാണ്. ആ ഒരു പ്രത്യേകതയില്‍ നിന്നുകൊണ്ട് അമ്മമാര്‍ ആണ്‍കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നത് ചിലപ്പോഴെങ്കിലും കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

ആണ്‍കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക, അത് കൂടുതല്‍ ദോഷകരമായി ഭവിക്കുകയേ ഉള്ളൂ. അമിതനിയന്ത്രണം അമ്മയും മകനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുന്നുമെന്നു നോക്കാം.

1. അമിതനിയന്ത്രണം കുട്ടികളെ മാതാപിതാക്കളില്‍നിന്ന് അകറ്റുന്നതിനു കാരണമാകും 

അമിതമായ നിയന്ത്രണം കുട്ടികളെ മാതാപിതാക്കളില്‍നിന്ന് അകറ്റും. ബാല്യത്തില്‍ കുട്ടികളെ മാതാപിതാക്കളുടെ ഇഷ്ടത്തിനൊത്തു വളര്‍ത്തുക എളുപ്പമാണ്. എന്നാല്‍, മുതിരുമ്പോള്‍ മാതാപിതാക്കളുടെ അമിതനിയന്ത്രണം അവരെ കൂടുതല്‍ പ്രതിസന്ധികളിലേക്കു തള്ളിവിടുകയേ ഉള്ളൂ. അത് മാതാപിതാക്കളോട് ദേഷ്യമുണ്ടാകുന്നതിനും അകലുന്നതിനും കാരണമാകും. അതിനാല്‍ അവര്‍ക്ക് ശരിതെറ്റുകള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കാം. തെറ്റുകള്‍ ചെയ്യുമ്പോള്‍ സ്നേഹത്തോടെ ശാസിക്കാം. തിരുത്താന്‍ അവസരം കൊടുക്കാം. ഒപ്പം, അവർക്ക് ഏതുകാര്യവും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യവും നല്‍കാം. അതാണ് നിയന്ത്രണത്തെക്കാള്‍ അത്യാവശ്യം.

2. അമിതനിയന്ത്രണം കുട്ടികളെ നുണയന്മാരാക്കാം

ആണ്‍കുട്ടികള്‍ വളരുമ്പോള്‍ അവര്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരായി മാറുന്നത് സാധാരണയാണ്. അമിതനിയന്ത്രണങ്ങള്‍ വയ്ക്കുന്ന വീട്ടുകാരെ ബോധ്യപ്പെടുത്താനായി അവര്‍ ചില കള്ളത്തരങ്ങള്‍ കണ്ടുപിടിക്കും. ഇത് അവർ  സ്ഥിരമായി വീട്ടുകാരുടെയും, പ്രത്യേകിച്ച് അമ്മമാരുടെയും ചോദ്യങ്ങളില്‍നിന്ന് രക്ഷപെടുന്നതിനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കാനും ശീലമായി മാറാനും സാധ്യതയുണ്ട്.

3. അമ്മമാരെ സ്വാധീനിക്കാന്‍ ശ്രമിക്കും

അമ്മമാരെ കൈയിലെടുക്കാന്‍ ചില ആണ്‍കുട്ടികള്‍ക്ക് വളരെ എളുപ്പമാണ്. അമ്മമാര്‍ വേദനിക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല; എന്നാല്‍, അവരെ നിഷേധിക്കാനും വയ്യ. ഈയൊരു അവസ്ഥയില്‍ അവര്‍ അമ്മമാരെ കൈയിലെടുക്കും. പിന്നെ വഴുതിനടക്കും. ഇതിനിടയില്‍ അവര്‍ ചെയ്യുന്നതൊക്കെ തുടരുകയും ചെയ്യും. ഈ അവസ്ഥയില്‍ മക്കള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നോ അവര്‍ എവിടെയാണ് പോകുന്നതെന്നോ അമ്മമാര്‍ക്ക് അറിയാനും കഴിയില്ല.

4. ശത്രുതാമനോഭാവം

അമിതമായി നിയന്ത്രിക്കുന്ന അമ്മമാരോട് മക്കള്‍ക്ക്‌ സ്നേഹത്തെക്കാളുപരി ശത്രുത ഉണ്ടാകാനാണ് സാധ്യത. അവരോടുള്ള സ്നേഹം കൊണ്ടല്ലേ എന്നു ചോദിക്കുന്ന അമ്മമാരുണ്ട്. എന്നാല്‍ അരുതുകളുടെ കൂട്ടില്‍നിന്നും എങ്ങനെയും പുറത്തുകടക്കാനേ ഒരു കൗമാരക്കാരന്‍ ശ്രമിക്കുകയുള്ളൂ.

5. ബന്ധങ്ങളിലെ തകര്‍ച്ച 

അമ്മമാരെ സംബന്ധിച്ചിടത്തോളം മക്കള്‍ അവരുടെ സ്വന്തമാണ്. എന്നാല്‍, കൗമാരക്കാരായ കുട്ടികളെ സംബന്ധിച്ചിടത്തോളം നല്ല സൗഹൃദങ്ങളും കൂട്ടുകെട്ടുകളും ആഗ്രഹിക്കുന്ന സമയവും. ഈ വൈരുധ്യം മനസ്സിലാക്കാതെവരുമ്പോള്‍ അത് ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമാകും. കുട്ടികള്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അത് ശരിതെറ്റുകളെക്കുറിച്ചുള്ള ബോധ്യങ്ങളിലാവണം. കാരണം, ബോധ്യങ്ങളാണ് പ്രവര്‍ത്തികളിലേക്കു നയിക്കുന്നത്.

അതിനാല്‍ ആൺകുട്ടികളെ അമിതമായി നിയന്ത്രിക്കാതെ അവരെ സ്നേഹിക്കാം, അവര്‍ക്ക് നല്ല ബോധ്യങ്ങള്‍ നല്‍കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News