ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റില്‍ തീ നിയന്ത്രണവിധേയമായെങ്കിലും നാലാം ദിവസമായ ഇന്നലെയും തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് ഭാഗികമായി അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പ്പറേഷനിലെ സ്‌കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം താമസിയാതെ തന്നെ തീ പൂര്‍ണമായും കെടുത്താനാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. സമീപപ്രദേശങ്ങളിലുള്ളവരുടെ ആരോഗ്യം സംബന്ധിച്ച ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജും വ്യക്തമാക്കിയിരുന്നു. കൃത്യമായ മുന്‍കരുതല്‍ വേണം. കൊച്ചിയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍95 ഉള്‍പ്പടെ ഗുണനിലവാരമുള്ള മാസ്‌ക് വേണം ധരിക്കാന്‍.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയുടെ 25 യൂണിറ്റുകളും നാവിക സേനയുടെ യൂണിറ്റും ബ്രഹ്മപുരത്ത് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലെ വായു നിലവാര സൂചിക സാധാരണ നിലയിലും കടന്ന് ഉയര്‍ന്നു നില്‍ക്കുകയാണ്.