ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തെ വിമര്‍ശിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് ഇനി കൊണ്ടു വരരുത് എന്നതാണ് പ്രധാന ആവശ്യം. ഇപ്പോഴുള്ള പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജൂണ്‍ അഞ്ചിനകം പത്തിനം കര്‍മ്മ പദ്ധതികള്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
ബ്രഹ്മപുരത്ത് ഇനി ഇതുപോലെ ആവര്‍ത്തിക്കാതിരിക്കാന്‍ കോര്‍പ്പറേഷന്‍ എത്രയും വേഗം നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്. ബ്രഹ്മപുരത്തേക്ക് ഇനി അജൈവ മാലിന്യങ്ങള്‍ കൊണ്ട് പോകരുത്. ഇത് പ്രാദേശികമായി കളക്ഷന്‍ പോയിന്റുകളില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയിരിക്കണം.
സാനിറ്ററി പാഡുകളും ഡയപ്പറുകളും എളംകുളത്തുള്ള ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കും എത്തിക്കേണ്ടതാണ്. റോഡരികില്‍ മാലിന്യം വലിച്ചെറിയാതിരിക്കാന്‍ സിസിടിവി നിരീക്ഷണവും ഏര്‍പ്പെടുത്തണം. കൂടാതെ, ഉറവിട മാലിന്യസംസ്‌കരണം ഫ്‌ലാറ്റുകളിലും നടപ്പിലാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഗ്‌നിബാധയുണ്ടായതിനു പിന്നാലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥല പരിശോധന നടത്തി സ്വീകരിച്ച തുടര്‍ നടപടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും കോര്‍പ്പറേഷനോട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചു.