അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകനായ ഡാരൻ ബീറ്റിക്ക് ബ്രസീൽ സർക്കാർ പ്രവേശന വിലക്കേർപ്പെടുത്തി. ബ്രസീൽ ആരോഗ്യ മന്ത്രിക്കും കുടുംബത്തിനും അമേരിക്ക വിസ നിഷേധിച്ചതിലുള്ള തിരിച്ചടിയായാണ് ഈ നടപടിയെന്ന് പ്രസിഡന്റ് ലുല ഡ സിൽവ വ്യക്തമാക്കി. ബ്രസീലിലെ ജയിലിൽ കഴിയുന്ന മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയെ സന്ദർശിക്കാനായിരുന്നു ഡാരൻ ബീറ്റി അനുമതി തേടിയിരുന്നത്.
തന്റെ രാജ്യത്തെ മന്ത്രിമാരെ അപമാനിക്കുന്ന നടപടി അംഗീകരിക്കില്ലെന്ന് റിയോ ഡി ജനീറോയിൽ നടന്ന ചടങ്ങിൽ ലുല ഡ സിൽവ പറഞ്ഞു. ബ്രസീൽ ആരോഗ്യ മന്ത്രി അലക്സാണ്ടർ പാഡിൽഹയ്ക്ക് അമേരിക്ക വിസ നൽകുന്നത് വരെ ട്രംപിന്റെ സഹായിയെയും ഇങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതാണ് ഡാരൻ ബീറ്റിയുടെ വിസ റദ്ദാക്കാൻ കാരണമായി ബ്രസീൽ നയതന്ത്ര വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഈ നടപടി അമേരിക്കയും ബ്രസീലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വീണ്ടും വിള്ളലുകൾ വീഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ഇരു രാജ്യങ്ങളിലെയും പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തി ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പുതിയ വിസ തർക്കങ്ങൾ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ബാധിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

