വിനോദ സഞ്ചാരികളുമായി പോയ വിമാനം ബ്രസീലില്‍ തകര്‍ന്ന് വീണു. അപകടത്തിൽ 14 പേര്‍ കൊല്ലപ്പെട്ടതായി ബ്രസീല്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം ബ്രസീലിയന്‍ പൗരന്മാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
വിനോദ സഞ്ചാരികളുമായി മനൗസില്‍ നിന്നും ബാഴ്സലോസിലേക്ക് പോയ വിമാനം മണിക്കൂറുകൾക്കുള്ളിൽ തകര്‍ന്നു വീഴുകയായിരുന്നു. 12 യാത്രക്കാരും പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥ മൂലം വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
‘ശനിയാഴ്‌ച ബാഴ്‌സലോസിൽ വിമാനാപകടത്തിൽ മരിച്ച 12 യാത്രക്കാരുടെയും രണ്ട് ജീവനക്കാരുടെയും മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അനുശോചനം അറിയിക്കുന്നു,’ ആമസോണസ് സ്റ്റേറ്റ് ഗവർണർ വിൽസൺ ലിമ പറഞ്ഞു. അതേസമയം,കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.