ആമസോണ്‍ കാടുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഖനന മാഫിയയ്ക്കെതിരെ കടുത്ത നടപടിയുമായി ബ്രസീല്‍. ഇബാമ എന്‍വയോണ്‍മെന്‍റല്‍ ഏജന്‍സിയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിക്കുന്നത്. തദ്ദേശീയ ആദിവാസി സമൂഹത്തിന് ഖനന മാഫിയ ഭീഷണി ആയതിനു പിന്നാലെയാണ് തീരുമാനം.
സ്വര്‍ണ്ണഖനി തേടി 20,000 -ത്തിലധികം മാഫിയാ സംഘങ്ങള്‍ ആമസോണിലേക്ക് കടന്നുകയറിയിട്ടുണ്ടെന്നാണ് വിവരം. ആഴ്ചകളോളം താമസിക്കാവുന്ന വിപുലമായ സൗകര്യങ്ങളുള്ള ഭവനങ്ങള്‍ ഇബാമ ഏജന്‍സി പരിശോധനയില്‍ കണ്ടെത്തി. ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് സംഘടന നിരീക്ഷണം നടത്തിയത്. തദ്ദേശീയരായ യനോമാമി സമൂഹത്തെ ഖനനക്കാര്‍ കൊലപ്പെടുത്തുന്നതായും സ്ത്രീകളെ പീഡിപ്പിക്കുന്നതായും യനോമാമി നേതാക്കാള്‍ ഇബാമ എജന്‍സിയോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് നടപടികള്‍ കടുപ്പിക്കാന്‍ ബ്രസീല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
നടപടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആമസോണിലേക്കുള്ള രണ്ട് നദികൾ വഴിയുള്ള പ്രവേശനം ഇബാമ തടഞ്ഞിട്ടുണ്ട്. കൂടാതെ, ഇതുവരെ കണ്ടെത്തിയ ഖനനക്കാരുടെ താമസകേന്ദ്രങ്ങള്‍ തകര്‍ത്തതായും ഒരാളെ പിടികൂടിയതായും ഇബാമ കോ-ഓർ ഡിനേറ്റര്‍ ഫെലി പെ ഫിംഗര്‍ വ്യക്തമാക്കി.