ആറ് പുതിയ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ വിപുലീകരിക്കാന്‍ അംഗരാജ്യങ്ങള്‍ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വച്ചുനടന്ന ഉച്ചകോടിയിലാണ് തീരുമാനം. ലോക സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയുടെ വിപുലീകരണത്തെ സ്വാഗതംചെയ്യുന്നതായി ഇന്ത്യ വ്യക്തമാക്കി.
അര്‍ജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാന്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ബ്രിക്സ് കൂട്ടായ്മയിലെ പുതിയ അംഗങ്ങള്‍. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംപോസയാണ് പുതിയ അംഗരാജ്യങ്ങളെ ഉള്‍പ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. “2024 ജനുവരി മുതല്‍ അംഗത്വം പ്രാബല്യത്തില്‍വരും” – ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
നിലവില്‍ ബ്രസീല്‍, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സ് കൂട്ടായ്മയിലുള്ളത്. 23 രാജ്യങ്ങള്‍ ബ്രിക്സ് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും ആറു രാജ്യങ്ങൾക്കാണ് ബ്രിക്സ് ഇപ്പോൾ അംഗത്വം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ആദ്യഘട്ട വികസനമാണെന്നും അടുത്തഘട്ട വികസനം വൈകാതെ ഉണ്ടാകുമെന്നും റാംപോസ പറഞ്ഞു. അതേസമയം, ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങൾ വിജയിച്ചില്ല.