ലൈംഗീകാരോപണം നേരിടുന്ന ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് കര്‍ഷകരുടെ താക്കീത്. ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വെള്ളിയാഴ്ച കുരുക്ഷേത്രയില്‍ ചേര്‍ന്ന മഹാപഞ്ചായത്തിലാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയത്. താരങ്ങളുടെ പരാതി സര്‍ക്കാര്‍ പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
“ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണം. അറസ്റ്റില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയും ഇല്ല, സര്‍ക്കാര്‍ ഇടപട്ട് ഗുസ്തി താരങ്ങളുടെ പരാതി പരിഹരിക്കണം. അല്ലാത്തപക്ഷം ജൂണ്‍ 9ന് ഗുസ്തി താരങ്ങളുമായി ഡല്‍ഹിയിലെ ജന്തര്‍മന്തറിലേക്ക് പോകും” കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത് പറഞ്ഞു. ജന്തര്‍മന്തറില്‍ ഇരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും ടിക്കായത്ത് വ്യക്തമാക്കി.
അതേസമയം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖാപ് മഹാപഞ്ചായത്ത് അംഗങ്ങള്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ കാണും. മുസാഫര്‍ നഗറിലെ സോറമില്‍ വ്യാഴാഴ്ച ചേര്‍ന്ന മഹാപഞ്ചായത്തില്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 11ന് ഷംലിയിലും ഖാപ് നേതാക്കള്‍ മഹാപഞ്ചായത്ത് ചേരും. വനിതാ ഗുസ്തി താരങ്ങളുടെ ബന്ധുക്കള്‍ക്ക് ഭീഷണിയുള്ളതിനാല്‍ അവരുടെ സുരക്ഷയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.