സൗദി അറേബ്യയ്ക്കു നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി യുവെറ്റ് കൂപ്പർ. റിയാദിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കൂപ്പർ ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കിയത്. ആക്രമണങ്ങൾ നേരിടുന്ന രാജ്യങ്ങൾക്കൊപ്പം ബ്രിട്ടൻ ഉറച്ചുനിൽക്കുമെന്നും മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും അവർ ഉറപ്പുനൽകി.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ രാജ്യാന്തരതലത്തിൽ കൂടുതൽ സഹകരണം ആവശ്യമാണെന്നും ബ്രിട്ടൻ ചൂണ്ടിക്കാട്ടി. സൗദിയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിവിധ മേഖലകളിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ധാരണയായി.
സൗദി വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. മേഖലയിലെ പുതിയ മാറ്റങ്ങളും വികസനപദ്ധതികളും ചർച്ചയുടെ ഭാഗമായതായി ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കി സമാധാനത്തിലേക്ക് മടങ്ങാനാണ് രണ്ട് രാജ്യങ്ങളും ആഗ്രഹിക്കുന്നത്.

