12 മണിക്കൂറിനുള്ളിൽ സമാനതകളില്ലാത്ത 42 മ്യൂസിയങ്ങൾ സന്ദർശിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിന് ഉടമയായി ഒരു ബ്രിട്ടീഷ് പൗരൻ. 42 വയസ്സുള്ള ബെൻ മെൽഹാം ആണ് 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മ്യൂസിയങ്ങൾ സന്ദർശിച്ചു എന്ന അദ്ദേഹത്തിന്റെതന്നെ റെക്കോർഡ് തിരുത്തിയെഴുതിയത്. ഇതിനായി അദ്ദേഹം ആദ്യ റെക്കോർഡിന്റെ പകുതിയിൽതാഴെ സമയം മാത്രമേ എടുത്തുള്ളൂ.
മെൽഹാമിന്റെ മാരത്തൺ മ്യൂസിയം സന്ദർശനം കഴിഞ്ഞ ഒക്ടോബർ മുതൽ ആരംഭിച്ചിരുന്നു. അവിടെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ടവർ ഓഫ് ലണ്ടൻ, ബ്രിട്ടീഷ് മ്യൂസിയം എന്നിവയുൾപ്പെടെയുള്ള ഏറ്റവും പ്രശസ്തമായ ചില മ്യൂസിയങ്ങൾ സന്ദർശിക്കാൻ അദ്ദേഹം നഗരങ്ങൾ ചുറ്റിസഞ്ചരിച്ചു. ലണ്ടനിലെ സാംസ്കാരിക രംഗത്തിന്റെ വൈവിധ്യം പ്രദർശിപ്പിച്ചുകൊണ്ട് ചെറുതും അറിയപ്പെടാത്തതുമായ നിരവധി മ്യൂസിയങ്ങളും അദ്ദേഹം സന്ദർശിച്ചു.
ഈസ്റ്റ് ലണ്ടനിലെ മ്യൂസിയം ഓഫ് റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയിൽ രാവിലെ 9:03 ന് ആരംഭിച്ച മെൽഹാമിന്റെ യാത്ര വൈകുന്നേരം 7:58 ന് സെൻട്രൽ ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്സിൽ അവസാനിച്ചു. തന്റെ വെല്ലുവിളിയിലുടനീളം, താൻ സന്ദർശിച്ച ഓരോ മ്യൂസിയത്തിൽനിന്നുമുള്ള ഫോട്ടോകളും സ്ഥിതിവിവരക്കണക്കുകളും പങ്കിട്ടുകൊണ്ട് മെൽഹാം തന്റെ പുരോഗതി സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി.
തന്റെ കുട്ടികളോടൊപ്പം ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് പുസ്തകം വായിച്ചതാണ് റെക്കോർഡ് സ്ഥാപിക്കാനുള്ള തന്റെ പ്രചോദനമെന്ന് മെൽഹാം പറഞ്ഞു.
മെൽഹാമിന്റെ ഈ നേട്ടം അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിക്കൊടുത്തു. ഒരുവർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ മ്യൂസിയങ്ങൾ സന്ദർശിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച്, ഒക്ടോബറിൽ തന്റെ ചാലഞ്ച് ആരംഭിച്ചതിനുശേഷം ഇതിനകം 85 മ്യൂസിയങ്ങൾ അദ്ദേഹം സന്ദർശിച്ചു.