അധികാരമേറ്റു 45–ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. രാജിയോടെ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ലിസ് ട്രസ്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണു ലിസ് ട്രസ്.
തന്നെ ഏൽപിച്ച ദൗത്യം നിറവേറ്റാനായില്ലെന്ന് ലിസ് ട്രസ് രാജിവച്ചതിനു പിന്നാലെ വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ ആ സ്ഥാനത്തു ലിസ് തുടരും. ലിസ് ട്രസ് പ്രധാനമന്ത്രിയായതിനു പിന്നാലെ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. നികുതിയിളവുകൾ അശാസ്ത്രീയമാണെന്ന് ആരോപണങ്ങളുണ്ടായി. പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്പത്തിക നിലയെ ഇതു കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തൽ. കൂടാതെ ഭരണപക്ഷത്തുനിന്നു തന്നെ ലിസ് ട്രസിനെതിരെ വിമർശനമുണ്ടായിരുന്നു.