യുക്രേനിയന്‍ പട്ടണമായ ബുച്ചയില്‍ സാധാരണക്കാരെ കൊല്ലുന്നതിനെക്കുറിച്ച് റഷ്യന്‍ സൈന്യം ചര്‍ച്ച ചെയ്യുന്നത്, ജര്‍മ്മന്‍ ഇന്റലിജന്‍സ് ചോര്‍ത്തിയ സന്ദേശങ്ങളില്‍ നിന്ന് മനസിലാക്കുന്നതായി ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബിഎന്‍ഡി രഹസ്യാന്വേഷണ ഏജന്‍സി ട്രാക്ക് ചെയ്ത റേഡിയോ സന്ദേശങ്ങളില്‍ ചിലത് കൈവിനു പുറത്ത് മൃതദേഹങ്ങള്‍ കിടന്നിരുന്ന സ്ഥലങ്ങളുമായി പൊരുത്തപ്പെടുന്നതായി ഡെര്‍ സ്പീഗല്‍ മാഗസിന്‍ പറയുന്നു. സ്പീഗല്‍ പറയുന്നതനുസരിച്ച്, റഷ്യയുടെ സ്വകാര്യ വാഗ്‌നര്‍ ഗ്രൂപ്പില്‍ നിന്നുള്ള കൂലിപ്പടയാളികള്‍ ബുച്ചയുടെ കൊലപാതകങ്ങളില്‍ പ്രധാന പങ്ക് വഹിച്ചതായി ഈ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു.
ബുധനാഴ്ച നടന്ന ഒരു ബ്രീഫിംഗില്‍ ബിഎന്‍ഡിയുടെ രഹസ്യാന്വേഷണത്തെക്കുറിച്ച് ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗങ്ങളുമായി അവര്‍ പങ്കിട്ടതായും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ സൈനികര്‍ ആളുകളെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും പിന്നീട് അവരെ വെടിവയ്ക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നതായി ചോര്‍ത്തിയ സന്ദേശങ്ങളില്‍ വ്യക്തമാണെന്ന് അവര്‍ പറഞ്ഞു.
ബുച്ചയില്‍ 300-ലധികം സാധാരണക്കാരെ റഷ്യക്കാര്‍ ഇതിനോടകം കൊലപ്പെടുത്തിയതായി യുക്രെയ്ന്‍ പറയുന്നു. റഷ്യ വംശഹത്യ നടത്തിയെന്നും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. റഷ്യ അതെല്ലാം നിഷേധിക്കുകയും ചെയ്തു.
മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ബുച്ച തെരുവുകളുടെ ചിത്രങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചിരുന്നു. കൈകാലുകള്‍ ബന്ധിക്കപ്പെട്ടും തലയില്‍ വെടിയേറ്റ നിലയിലും കണ്ടെത്തിയ മൃതദേഹങ്ങള്‍ റഷ്യന്‍ ഭീകരതയെ തുറന്നുകാട്ടുന്നതായിരുന്നു.