സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്, സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍, കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച നടപടികള്‍ സംബന്ധിച്ച് ഭരണ പ്രതിപക്ഷ മുന്നണികള്‍ പരസ്പരം പഴി ചാരുകയും, അടിയന്തരമായി ചെയ്യേണ്ട കര്‍ത്തവ്യങ്ങളില്‍നിന്നു പിന്‍വലിയുകയുമാണോ എന്ന സംശയം ജനങ്ങള്‍ക്കുണ്ട്. സുപ്രീം കോടതിവിധി പ്രതികൂലമായി ബാധിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഒരു പരിധിവരെ, നിസ്സഹായരായി നില്‍ക്കുകയാണ്. കാലാകാലങ്ങളായി മാറി മാറി കേരളം ഭരിച്ച സര്‍ക്കാരുകളും, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നോ എന്ന ചോദ്യം പ്രസക്തമായിത്തന്നെ ഉയര്‍ന്നു വരുന്നുണ്ട്.
പതിവു രീതികളുടെ തനിയാവര്‍ത്തനം
കാട്ടു മൃഗങ്ങളുടെ നിരന്തര ആക്രമണത്തിനും, വനം വകുപ്പിന്റെ കാട്ടു നീതിക്കും ഏകാധിപത്യ ഭരണത്തിനും മലയോര മേഖലയിലെ ജനങ്ങളെയാകെ എറിഞ്ഞുകൊടുക്കുന്ന പതിവു രീതിയിലേക്കായിരിക്കുമോ ഈ പ്രതിസന്ധി ഘട്ടത്തിലും ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ എത്തിച്ചേരുക എന്ന ഉല്‍ക്കണ്ഠ ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്, ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ജനങ്ങളോടൊപ്പമാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള സമര പരിപാടികളും അനുബന്ധ അക്രമങ്ങളുമാണെന്ന സംശയം ഉയരുന്നുണ്ട്.
ഇത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെ നടക്കുന്ന പരിപാടിയാണ് എന്ന് പറയാതെ വയ്യ. ഇതുകൊണ്ടു സംസ്ഥാനത്തിന് നഷ്ടവും പേരുദോഷവുമല്ലാതെ, ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം. പി. ഓഫിസ് തകര്‍ത്തുകൊണ്ടാണ് ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടന ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിച്ചത്. ഇനിയും ഇതേ മാതൃകയില്‍ പലതും ഉണ്ടായേക്കാം. പ്രധാന വിഷയത്തില്‍നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഇത്തരം അതിക്രമങ്ങള്‍ എന്നു പറയാന്‍ കഴിയില്ല.
കണ്ണുണ്ടായാല്‍ പോരാ, കാണണം
കണ്മുന്പില് ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടാം. കുമളി, രാമക്കല്‍മേട്, നെടുങ്കണ്ടം മേഖലയിലെ പ്രധാന കച്ചവട കേന്ദ്രങ്ങളായ, കുമളി, അണക്കര, കട്ടപ്പന, നെടുങ്കണ്ടം, തൂക്കുപാലം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കും, ഭക്ഷ്യ വസ്തുക്കളായ കപ്പ, ചേമ്പ്, മധുരക്കിഴങ്, കാച്ചില്, തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും പച്ചക്കറികളും ഫല വര്‍ഗ്ഗങ്ങളും ഉള്‍പ്പെടെ നൂറു കണക്കിന് ലോഡ് ഭക്ഷ്യ വസ്തുക്കളാണ് സഹ്യപര്‍വത നിരയുടെ കിഴക്കേ ചരിവിലുള്ള തമിഴ്നാട്ടില്‍ നിന്നും കുമളി , കമ്പംമെട്ടു ചെക്ക്പോസ്റ്റുകള്‍ കടന്നു ദിനംപ്രതി കേരളത്തിലേക്കു വന്നു കൊണ്ടിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് ലഭിക്കുന്ന ജലം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട്, താരതമ്യേന കേരളത്തേക്കാള്‍ കുറഞ്ഞ ഫലഭൂയിഷ്ഠതയുള്ള തമിഴ്നാടിന്റെ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്നവയാണ് ദിനംപ്രതി കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഇത്തരം കാര്‍ഷിക വിഭവങ്ങള്‍.
ഇവിടെ, ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യം, കേരള – തമിഴ്നാട് അതിര്‍ത്തിയില്‍ കന്യാകുമാരിമുതല്‍ നീലഗിരി വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന സഹ്യപര്‍വ്വതത്തിലെ സംരക്ഷിത വന മേഖലയുടെ കിഴക്കേ ചരിവില്‍ കപ്പയോ, ചെമ്പോ, കാച്ചിലോ, മധുരകിഴങ്ങോ നട്ടാല്‍, അത് പന്നിയോ കാട്ടു മൃഗങ്ങളോ നശിപ്പിക്കുന്നില്ല. സമൃദ്ധമായ വിളവ് ഉണ്ടാകുകയും അത് തമിഴ്നാടിനെ മാത്രമല്ല കേരളത്തെയും തീറ്റിപ്പോറ്റാന്‍ പര്യാപ്തമാവുകയും ചെയ്യുന്നു! അവിടെ കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളില്‍ മേഞ്ഞു നടക്കുന്നില്ല, കാട്ടുപന്നികള്‍ കപ്പയും കാച്ചിലും വാഴയും ചേമ്പും കുത്തി മറിക്കുന്നില്ല. പന്നിയും പുലിയും കടുവയും മനുഷ്യരെ കൊന്നു തിന്നുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നില്ല. അവിടെയുള്ള കാട്ടുപന്നികള്‍ക്കും മറ്റു വന്യമൃഗങ്ങള്‍ക്കും കേരളത്തിലെ പന്നികളെക്കാളും വന്യമൃഗങ്ങളെക്കാളും മനുഷ്യസ്നേഹവും വിവേകവും ഉള്ളതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?
അതോ ജനപ്രതിനിധികളും സര്‍ക്കാരും ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും നന്മക്കും ക്ഷേമത്തിനുംവേണ്ടി നിയമനിര്‍മ്മാണം നടത്തുകയും ഭരണം നടത്തുകയും ചെയ്യുന്നതുകൊണ്ടാണോ? അവിടെയുള്ള വനംവകുപ്പ് എന്തുകൊണ്ട് ഒരു സമാന്തര ഭരണകൂടമുണ്ടാക്കി ജനങ്ങളെ പീഡിപ്പിക്കുന്നില്ല? ഇരുപതോ മുപ്പതോ വര്‍ഷം മുന്‍പുവരെ ഭക്ഷ്യ വസ്തുക്കള്‍ക്ക് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിഞ്ഞ തമിഴ്നാട് എങ്ങിനെ ഭക്ഷ്യ വസ്തുക്കളില്‍ സ്വയം പര്യാപ്തമായി? മാത്രമല്ല, ഇന്ന് കേരളത്തിന് ഭക്ഷണം കഴിക്കണമെങ്കില്‍ തമിഴ്നാടിനെ ആശ്രയിക്കണം എന്ന അവസ്ഥയിലും എത്തിനില്‍ക്കുന്നു! മണ്ണിന്റെയോ കാലാവസ്ഥയുടെയോ ഏതു കാര്യത്തിലാണ് തമിഴ്നാട് കേരളത്തേക്കാള്‍ മെച്ചമാണ് എന്നു പറയാന്‍ കഴിയുന്നത്?
ഒരു കാര്യത്തില്‍ മാത്രമാണ് അയല്‍ സംസ്ഥാനങ്ങളായ ഈ രണ്ടു ജനവിഭാഗങ്ങള്‍ തമ്മില്‍ വ്യത്യാസമുള്ളത്. തമിഴ്നാട്ടില്‍ ഏതു പാര്‍ട്ടി ഭരിച്ചാലും ഒന്നാംസ്ഥാനം ജനക്ഷേമത്തിനും നാടിന്റെ പുരോഗതിക്കുമായിരിക്കും. കേരളത്തില്‍ ഏതു പാര്‍ട്ടിയും മുന്നണിയും ഭരിച്ചാലും, വികസിക്കുന്നതും പുഷ്ടിപ്പെടുന്നതും പാര്‍ട്ടിയും അതിലെ ഏറ്റവും വീരന്മാരായ നേതാക്കളുമാണ്. മുപ്പതു വര്‍ഷം മുന്‍പ്, മുംബൈയിലെ അധോലോകത്തെപ്പറ്റി വായിച്ച കഥകളെയും ഫീച്ചറുകളെയും ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ നമ്മുടെ രാഷ്ട്രീയ രംഗം മാറിയിരിക്കുന്നു!
കൃഷിയിലോ, വ്യവസായത്തിലോ, കച്ചവട – വാണിജ്യ രംഗങ്ങളിലോ ജനങ്ങളുടെയും നാടിന്റെയും പുരോഗതിക്കു വേണ്ടി നമ്മുടെ സാമാജികര്‍ എന്തു നിയമ നിര്‍മ്മാണം നടത്തി? എന്തുകൊണ്ടാണ് നമ്മുടെ യുവതലമുറ ഇന്നു തൊഴിലും വരുമാനവുമില്ലാതെ, രാജ്യാന്തര തലത്തില്‍ സാമ്പത്തിക അഭയാര്‍ഥികളായി പലായനം ചെയ്യേണ്ടി വരുന്നത്? എന്തുകൊണ്ടാണ് നമ്മുടെ കൃഷിഭൂമികള്‍ തരിശായി കിടക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ നാട്ടുവഴികളിലൂടെ തെരുവുപട്ടികളും കാട്ടു പന്നികളും മറ്റു വന്യമൃഗങ്ങളും പകല്‍ സമയങ്ങളില്‍പോലും വിഹരിക്കുന്നത്? എന്തുകൊണ്ടാണ് അവയുടെ സംരക്ഷണത്തിന് നിയമം ഉണ്ടായിരിക്കുകയും മനുഷ്യര്‍ നിസ്സഹായരും നിരാലംബരും ആയിരിക്കുകയും ചെയ്യുന്നത്?
മലയോര മേഖലയിലെ പ്രതിസന്ധി ആരുടെ സൃഷ്ടി?
കേരളത്തിന്റെ മലയോര മേഖല നിര്‍മ്മാണ നിരോധന നിയമത്തിനു കീഴില്‍ ആയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രം അനുമതിയുള്ള പട്ടയങ്ങള്‍ നല്കാന് 1964 ല്‍ നിയമമുണ്ടാക്കിയത് മലയോര മേഖലയിലെ ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരഞ്ഞെടുത്തു നിയമ മിര്‍മ്മാണ സഭയിലേക്ക് അയച്ച ജനപ്രതിനിധികളല്ലേ? അവര്‍ക്കും, പിന്നെ ഇന്നോളം തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ക്കും, അറിഞ്ഞുകൂടാത്തതാണോ ഈ മേഖലയിലെ ജനങ്ങള്‍ വികസനത്തിന്റെ വെള്ളിവെളിച്ചം ആഗ്രഹിക്കുന്നുണ്ട് എന്ന്? എന്തേ നിയമത്തില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മടിക്കുന്നു? മതികെട്ടാന്‍ ചോലയോടു ചേര്‍ന്ന കിഴക്കന്‍ പ്രദേശങ്ങളെ തമിഴ്നാട് സര്‍ക്കാര്‍ സിറോ ബഫര്‍ സോണില്‍ പെടുത്തിയപ്പോള്‍, കേരളം എന്തേ കേരളത്തില്‍ വരുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നു?
കേരള നിയമസഭ, 2003 ല്‍ പാസ്സാക്കിയ ഇ. എഫ്. എല്‍ ആക്ടിലൂടെ പരിസ്ഥിതി ദുര്‍ബലം എന്നു സര്‍ക്കാര്‍ കണ്ടെത്തുന്ന പ്രദേശങ്ങളെ പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ഏറ്റെടുക്കാനും സംരക്ഷിക്കാനുമുള്ള അധികാരം വനംവകുപ്പില്‍ നിക്ഷിപ്തമാക്കി. ഇത് അക്ഷരാര്‍ത്ഥത്തില്‍, വനംവകുപ്പിന് കേരളത്തിലെ ഏതു ഭൂമിയും, നഷ്ടപരിഹാരം പോലും നല്‍കാതെ, പിടിച്ചെടുക്കാമെന്ന സാഹചര്യം സൃഷ്ടിക്കുകയും ഒരു സമാന്തര സര്‍ക്കാരായി ജനങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അധികാരം പ്രയോഗിക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇതിനുത്തരവാദി ആരാണ്? ഇത് ജനങ്ങളെ കണക്കിലെടുത്തുണ്ടാക്കിയ നിയമമാണോ, അതോ ജനങ്ങളെ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കി മാറ്റുന്ന നിയമമാണോ? ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആരുടെ താല്പര്യമാണ്?
2005 ല്‍, 1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ അഞ്ചാം വകുപ്പ് ഭേദഗതി ചെയ്ത്, ഒരു വ്യക്തിക്ക് നാലേക്കര്‍ ഭൂമിക്കു പട്ടയം ലഭിക്കുമായിരുന്നത് ഒരേക്കര്‍ എന്നാക്കിയതുവഴി, സ്വന്തം ഭൂമി കൃഷിക്കാരനില്‍നിന്നും അന്യാധീനപ്പടുത്തിയത് മനുഷ്യ സ്നേഹം കൊണ്ടാണോ? ഉടുമ്പന്‍ചോല കണ്‍സര്‍വേഷന്‍ പ്രൊജക്റ്റ്, ചിന്നാര്‍ – പെരിയാര്‍ വന്യജീവി ഇടനാഴി പദ്ധതി തുടങ്ങി നിരവധി തന്ത്രപരവും നിഗൂഢവുമായ ഇടപെടലുകളിലൂടെ ജനവാസ മേഖലകളെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്, പെട്ടെന്നൊരുനാള്‍ സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ ഹര്‍ത്താലും വഴിതടയലുമായി പ്രത്യക്ഷപ്പെടുന്നതില്‍ എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ടാവും എന്നു ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
മാധവ് ഗാഡ്ഗില്‍ മുതല്‍ ബഫര്‍ സോണ്‍ വിധിവരെ
മാധവ് ഗാഡ്ഗില്‍ കമ്മീഷന് എന്നറിയപ്പെടുന്ന വെസ്റ്റേണ്‍ ഘാട്സ് ഇക്കോളജി എക്സ്പേര്‍ട്സ് പാനലിന്റെ 2011 ലെ റിപ്പോര്‍ട്ടിനോട് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാട്, ഇന്നും മലയോര മേഖലയെ നീറ്റിക്കൊണ്ടിരിക്കുന്ന പ്രശ്നമാണ്. പശ്ചിമഘട്ടം മലനിരകള്‍ ഉപ്പെടുന്ന പ്രദേശം മുഴുവന്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായിക്കണ്ടു സംരക്ഷിക്കുക എന്നതായിരുന്നല്ലോ പ്രസ്തുത റിപ്പോര്‍ട്ടിന്റെ രത്ന ചുരുക്കം. അങ്ങനെ, കേരളത്തിന്റെ കിഴക്കന്‍ മലനിരകള്‍ ഉപ്പെടുന്ന പ്രദേശങ്ങള്‍ ഒറ്റയടിക്ക് പരിസ്ഥിതി ദുര്‍ബലമായി! അതിന്റെ പരിണതഫലമാണ് തുടര്‍ന്നു വന്ന കമ്മിറ്റികളിലൂടെയും സര്‍ക്കാര്‍ നിലപാടുകളിലൂടെയും ഇന്നും മലയോര ജനതയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതേ മാനദണ്ഡം വച്ചുനോക്കിയാല്‍, കേരളത്തിന്റെ ഏതു മേഖലയാണ് പരിസ്ഥിതി ദുര്ബലമല്ലാത്തത്? തീരദേശം ദുര്ബലമല്ലേ? നെല്‍പ്പാടങ്ങളും കുന്നുകളും താഴ്വരകളുമുള്ള ഇടനാട്ടിലെ നീര്‍മറി പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്ബലമല്ലേ? ഏറ്റവും ദരിദ്രരും ദുര്‍ബലരുമായവര്‍ വസിക്കുന്ന ഇടങ്ങളിലെ മനുഷ്യരെ ഏറ്റവും അധികം ദ്രോഹിക്കുക എന്ന നിലപാട് ആരുടെ ബുദ്ധിയാണ്? ഇത്, എന്തുതരം കാട്ടു നീതിയാണ്!
കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തുകൂടി സില്‍വര്‍ ലൈന്‍ പദ്ധതി ആസൂത്രണം ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തിന്റെ ഒരു ശതമാനം ആത്മാര്‍ത്ഥത, മലയോര മേഖലയിലെ പാവപ്പെട്ട കര്‍ഷക ജനതക്കുവേണ്ടി നിലകൊള്ളുന്നതില്‍ നമ്മുടെ പൊതു സമൂഹത്തിനുണ്ടോ എന്ന് ആത്മ പരിശോധന നടത്തേണ്ടതില്ലേ? ഉയര്‍ന്ന നിരക്കില്‍ നഷ്ടപരിഹാരവും, പുനരധിവാസവും മാത്രമല്ല ഉപജീവനോപാധികള്ക്കുള്ള മാര്‍ഗവും നല്‍കാം എന്നു സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടും, സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നുവന്നു. യാതൊരു നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതിയോ ഉപജീവനോപാധികളെക്കുറിച്ചുള്ള ചിന്തപോലുമോ ഇല്ലാതെ, കര്‍ഷകര്‍ കൃഷിചെയ്തു ജീവിക്കുന്ന കൃഷിയിടം കവര്‍ന്നെടുക്കാന്‍ നിയമമുണ്ടാക്കുന്ന നമ്മുടെ ജനപ്രതിനിധികളുടെയും രഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരുകളുടെയും നിലപാടിനെ എങ്ങിനെയാണ് വിശേഷിപ്പിക്കേണ്ടത്!
ആരെയും കുടിയിറക്കുകയില്ല എന്നു പറയുകയും, പട്ടണങ്ങളും, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും, കൃഷിഭൂമിയുമുള്പ്പെടെയുള്ള പ്രദേശങ്ങളെ, പരിസ്ഥിതി ലോലമെന്നും ബഫര്‍ സോണെന്നും കമ്മ്യൂണിറ്റി റിസെര്വെന്നും വന്യജീവി ഇടനാഴിയെന്നുമൊക്കെ മുദ്രകുത്തി വന മേഖലയാക്കി മാറ്റുകയും, ജനങ്ങളെ സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥികളാക്കി മാറ്റുകയും ചെയ്യുന്ന നിയമങ്ങള്‍ ഉണ്ടാക്കുകയും നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും, സുപ്രീം കോടതിയേയോ മറ്റു കോടതികളെയോ കുറ്റപ്പെടുത്തി കൈകഴുകാന്‍ കഴിയുമോ?
ഇടതുപക്ഷം ജനങ്ങള്ക്കൊപ്പമുണ്ടോ?
2019 ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ മന്ത്രിസഭതന്നെ, സംരക്ഷിത വനമേഖലക്കു ചുറ്റും പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല മേഖല എന്ന നിലയില്‍ അംഗീകരിച്ചുകൊണ്ട്, കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത് നിലവിലുള്ള ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ജന ജീവിതത്തെയും എങ്ങിനെ ബാധിക്കും എന്നതു സംബന്ധിച്ച് അന്നത്തെ സര്‍ക്കാരിനോ നമ്മുടെ ജന പ്രതിനിധികള്‍ക്കോ യാതൊരു ആശങ്കയും ഇല്ലാതെ പോയോ? എന്തേ ആരും അതിനെതിരെ നിലപാടെടുത്തില്ല?
കേരളത്തിലെ ജനകീയ ഭരണകൂടങ്ങള്‍ കാലാകാലങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള ജനവിരുദ്ധ നിയമങ്ങളും, നയങ്ങളും പരിപാടികളും ഗൗരവതരമായ പഠനത്തിനും ഗവേഷണത്തിനും അന്വേഷണങ്ങള്‍ക്കും വിധേയമാകേണ്ടതല്ലേ? പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ കാര്‍ഷിക വൃത്തിയേയും ജന ജീവിതത്തെയും ദോഷകരമായി ബാധിക്കാത്ത വനം – വന്യജീവി – പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, എന്തുകൊണ്ട് ഏറ്റവും തെക്കു പടിഞ്ഞാറുഭാഗത്തുള്ള കേരളത്തിലെ ജനങ്ങളുടെ സൈ്വര്യ ജീവിതവും കാര്‍ഷിക വൃത്തിയും, ഉപജീവന ഉപാധികളും സംസ്ഥാനത്തിന്റെ വികസനവും താറുമാറാക്കുന്നു എന്നതും, കേരള രാഷ്ട്രീയം ഇന്ന് എത്തിനില്‍ക്കുന്ന ദുര്‍ഭഗാവസ്ഥയും കൂട്ടിവായിക്കേണ്ടതല്ലേ?
നിയമ നിര്‍മ്മാതാക്കള്‍ ജനങ്ങളെ പരിഗണിക്കണം
രാഷ്ട്രീയവും അല്ലാത്തതുമായ ലാഭേച്ഛകള്‍ ഒരുവേള മാറ്റിവച്ചു ജനങ്ങളുടെ വിഷമസ്ഥിതി മനസ്സിലാക്കി, ജനവാസ മേഖലകളെ പൂര്‍ണ്ണമായും പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്ന് ഒഴിവാക്കിയും, നിലവിലുള്ള സംരക്ഷിത വനാതിര്‍ത്തികള്‍ക്കുള്ളില്‍ ബഫര്‍ സോണുകളുണ്ടാക്കിയും, വനവും പരിസ്ഥിതിയും ജനജീവിതവും സംരക്ഷിക്കുന്ന നടപടികളാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും, ജനപ്രതിനിധികളില്‍നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനു വേണ്ട നേതൃത്വംകൊടുക്കാന്‍ ഭരിക്കുന്ന സര്‍ക്കാരിനും രാഷ്ട്രീയ നേതൃത്വത്തിനും കഴിയണം. ഇക്കാര്യത്തില്‍, നാളിതുവരെ ഉണ്ടായിട്ടുള്ള നയപരമായ പിഴവുകളും, പ്രത്യയശാസ്ത്ര പിടിവാശികളും, നിക്ഷിപ്ത താല്പര്യങ്ങളും വിലങ്ങുതടിയാകരുത്. ജനപ്രതിനിധികളില്‍ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തകര്‍ന്നുപോകാന്‍ ഇടവരരുത്. അത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പ്പത്തെത്തന്നെ തകര്‍ക്കുന്നതാണ്. ഭരണാധികാരികള്‍ വിവേകം വെടിയരുത്. ഇത്, ബഫര്‍ സോണ്‍ വിധിയില്‍ പുകയുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അപേക്ഷയും പ്രാര്‍ത്ഥനയുമാണ്.
ഫാ. വര്‍ഗീസ് വള്ളിക്കാട്ട്