പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. വെബ്സൈറ്റില്‍ സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ചതിന് ശേഷം നിരവധി പരാധികളാണ് ഇതിനോടകം സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. വയനാട് ജില്ലയിലെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
2022 ജനുവരി 22 നാണ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പരിസ്ഥിതി ലോല മേഖല റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചത്. ഇതേതുടര്‍ന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി റിപ്പോര്‍ട്ട് പുനഃക്രമീകരിക്കണം എന്ന ആവശ്യം ഉൾപ്പെടെ നിരവധി പരാതികളാണ് വന്നത്. കൂടാതെ ക്രൈസ്തവസഭകളും പ്രതിപക്ഷവും പ്രതിഷേധം തുടരുകയാണ്.
അതേസമയം മിക്ക ജില്ലകളിലും ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയാക്കാനായിട്ടില്ല. ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിലാണ് പരാതി നല്‍കാനുള്ള അവസാന ദിവസമായിട്ടും സര്‍വേ പൂര്‍ത്തിയാക്കല്‍ വൈകുന്നത്. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള അസറ്റ് മാപ്പർ ആപ്പ് സെർവർ തകരാർ മൂലമാണ് ഇതെന്നാണ് സര്‍ക്കാരിന്‍റെ വിശദ്ധീകരണം.
സര്‍വേ പൂര്‍ത്തിയായാല്‍ മാത്രമാണ് ജില്ലയില്‍ നിന്നുള്ള പരാതികള്‍ ലഭ്യമാകൂ. എന്നാല്‍ പരാതികള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ബത്തേരി ഉൾപ്പടെയുള്ള മറ്റിടങ്ങളിൽ പകുതി സ്ഥലങ്ങളിൽ പോലും ഫീൽഡ് സർവേ പൂർത്തിയാക്കാനായിട്ടില്ല.
ഇതിനായി പഞ്ചായത്ത് ഭരണസമിതികൾ വൊളണ്ടിയർമാരെ രംഗത്ത് ഇറക്കിയെങ്കിലും അസറ്റ് മാപ്പർ ആപ്പ് പ്രവർത്തിക്കാത്തതിനാൽ ഫീൽഡ് സർവേ മുടങ്ങി കിടക്കുകയാണ്. അതിനാല്‍ സമയം നീട്ടി നല്‍കണമെന്നാണ് ജില്ലയില്‍ ഉയരുന്ന ആവശ്യം.