പരിസ്ഥിതി ലോല മേഖലയിലെ സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സർക്കാർ വെബ്‌സൈറ്റിൽ ഭൂപടം പ്രസിദ്ധീകരിച്ചത്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
2021ൽ കേന്ദ്ര സർക്കാരിന് നൽകിയ റിപ്പോർട്ട് തന്നെയാണ് പ്രതിഷേധം ശക്തമാകുന്നതിനിടയിൽ സർക്കാർ പ്രസിദ്ധപ്പെടുത്തിയത്. റിപ്പോർട്ടിന്മേൽ ജനങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ അത് അറിയിക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലഭ്യമാകുന്ന പരാതികൾ ഫീൽഡ് വെരിഫിക്കേഷനിലൂടെ പരിഹരിച്ച് എത്രയും വേഗം റിപ്പോർട്ട് തയ്യാറാക്കാനാണ് സർക്കാർ ശ്രമം. ഫീൽഡ് സർവേ നടപടിക്കുള്ള വിശദമായ സർക്കുലർ തദ്ദേശ വകുപ്പ് ഇന്ന് പുറത്തിറക്കും.
സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ഒരോ മേഖലയ്ക്കും പ്രത്യേക നിറം നൽകിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നീല, ജനവാസമേഖലയ്ക്ക് വയലറ്റ്, പഞ്ചായത്തുകൾക്ക് കറുപ്പ്, വനമേഖല പച്ച എന്നീ നിറങ്ങൾ നൽകി അടയാളപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരി നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും, വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴു പഞ്ചായത്തുകൾ പൂർണമായും ബഫർ സോൺ മേഖലയിലാണ്. ജനവാസ മേഖലകളെ ബഫർ സോണിൽ നിന്നും ഒഴിവാക്കിയുളള റിപ്പോർട്ടാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുമ്പോഴാണ് ഈ പൊരുത്തക്കേടുകൾ.
അതേസമയം ബഫർ സോൺ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് എതാനും മണിക്കൂറുകൾക്കിടയിൽ വെബ്സൈറ്റ് തകരാറിലായി. കൂടുതൽ ആളുകൾ സൈറ്റ് സന്ദർശിച്ചതോടെയാണ് വെബ്സൈറ്റ് പണിമുടക്കിയത്. തകരാർ ഉടൻ തന്നെ പരിഹരിക്കുമെന്ന് പിആർഡി വ്യക്തമാക്കി.