ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യു ഡി എഫും വിവിധ ക്രൈസ്തവ സഭകളും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം അംഗീകരിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെയാണ് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്നത്.
“മലയോര കര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണ്, ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചുളള നീക്കം അംഗീകരിക്കാനാകില്ല, ഗ്രൗണ്ട് സര്‍വേ അടിയന്തരമായി നടത്തണം” പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കിൽ വിഷയത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബഫര്‍ സോണ്‍ വിഷയത്തില്‍ ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യപ്പെട്ട് കെസിബിസി രംഗത്തെത്തി. പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തണമെന്നും സമയബന്ധിതമായി വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവാ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 24 വന്യജീവി സങ്കേതങ്ങളുടെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിലനിര്‍ത്തണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ വിധിയിന്മേല് സര്‍ക്കാര്‍, ഗുരുതര വീഴ്ച വരുത്തിയെന്നാണ് ആരോപണം. ഇതിനെതിരെ ക്രൈസ്തവസഭകള്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് മുന്നോടിയായി താമരശേരി രൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനജാഗ്രതാ യാത്ര സംഘടിപ്പിക്കും. ഏകപക്ഷിയമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്വീകരിക്കില്ലെന്നും, രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ ശ്രമിക്കുകയാണെന്നും ഹൈറേഞ്ചു സംരക്ഷണ സമിതിയും വ്യക്തമാക്കി.