Sunday, November 24, 2024

യുവജനങ്ങള്‍ക്കായി പുനരധിവാസകേന്ദ്രം സ്ഥാപിച്ച ഫാ. യാരോ സെര്‍ബോ കൊല്ലപ്പെട്ടു

ബുര്‍ക്കിന ഫാസോയില്‍ യുവജനങ്ങള്‍ക്കായി പുനരധിവാസകേന്ദ്രം സ്ഥാപിച്ച ഫാ. യാരോ സെര്‍ബോ (67) അജ്ഞാതരായ ആയുധധാരികളാല്‍ കൊല്ലപ്പെട്ടു. ജനുവരി രണ്ടിനായിരുന്നു സംഭവം. ബൗക്കിള്‍ ഡു മൗഹൂണ്‍ മേഖലയിലെ ഗാസന്‍ ഏരിയയില്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഡെഡൗഗൗ പട്ടണത്തില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് ഫാ. യാരോയെ തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തിയത്.

‘സോറോയില്‍ അജ്ഞാതരായ ആയുധധാരികളുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഫാ. ജാക്വസ് യാരോ സെര്‍ബോയുടെ മരണം എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു’ – പ്രാദേശിക ബിഷപ്പ് പ്രോസ്പര്‍ ബോണവെഞ്ചര്‍ കൈ ജനുവരി മൂന്നിന് ഒരു പ്രസ്താവനയില്‍ പറഞ്ഞു. അക്രമികള്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ തട്ടിക്കൊണ്ടു പോവുകയും വാഹനം കൊണ്ടുപോവുകയും ചെയ്തു.

ഫാ. സെര്‍ബോ 1956- ല്‍ മാലിയില്‍ ജനിച്ചു. 1986- ല്‍ വൈദികനായി അഭിഷിക്തനായി. ടൂഗന്‍ മേഖലയില്‍ അദ്ദേഹം ഒരു യുവജന പുനര്‍-വിദ്യാഭ്യാസകേന്ദ്രം സ്ഥാപിച്ചു. പിന്നീട് തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ഡെഡൗഗൗവിലേക്ക് മാറേണ്ടിവന്നു. 1980 മെയ് മാസത്തില്‍ മരണമടഞ്ഞ, രാജ്യത്തെ ആദ്യത്തെ മതബോധന പണ്ഡിതനായിരുന്ന ഡി ആല്‍ഫ്രഡ് ദിബാനെ വാഴ്ത്തപ്പെട്ടവനാക്കി പ്രഖ്യാപിക്കുന്നതിനുള്ള രൂപതാ കമ്മീഷന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.

ബുര്‍ക്കിന ഫാസോയിലെ തീവ്രവാദം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൊന്നിലാണ് ഫാ. സെര്‍ബോ കൊല്ലപ്പെട്ടത്. ഈ പ്രദേശത്ത് ഡിസംബര്‍ 30 -നും 31 -നും ഇടയില്‍ രാത്രിയില്‍ കുറഞ്ഞത് 28 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കൂട്ടക്കൊലയെക്കുറിച്ച് അധികാരികള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest News