ബുർക്കിന ഫാസോയിലെ ബർസാലോഗോ പട്ടണത്തിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടതായി സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 24 നു ആണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ഫ്രഞ്ച് സർക്കാർ സുരക്ഷാ വിലയിരുത്തൽ പ്രകാരം, മുൻപുള്ള റിപ്പോർട്ടുകളിൽ ഉദ്ധരിച്ച മരണസംഖ്യയുടെ ഇരട്ടിയാണിത്. സമീപകാല ദശകങ്ങളിൽ ആഫ്രിക്കയിലെ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇത്.
മാലി ആസ്ഥാനമായുള്ളതും ബുർക്കിന ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ തീവ്രവാദികളാണ് ഗ്രാമവാസികളെ കൊന്നൊടുക്കിയത്. തീവ്രവാദികൾ മോട്ടോർ സൈക്കിളുകളിൽ ബർസാലോഗോയുടെ പ്രാന്തപ്രദേശത്തേക്ക് അതിക്രമിച്ച് കയറുകയും ഗ്രാമവാസികളെ വെടിവയ്ക്കുകയും ചെയ്തതായി സോഷ്യൽ മീഡിയയിൽ ജെ. എൻ. ഐ. എം അനുകൂല അക്കൗണ്ടുകളിൽ നിന്ന് പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വെളിപ്പെടുത്തുന്നു. മരിച്ചവരിൽ പലരും സ്ത്രീകളും കുട്ടികളുമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ കുട്ടികളുടെയും സ്ത്രീകളുടെയും നിലവിളികളും വെടിവയ്ക്കുന്നതിന്റെ ശബ്ദങ്ങളും കേൾക്കാമായിരുന്നു.
ഭീകരമായ മരണസംഖ്യ, ഫ്രഞ്ച് സർക്കാർ കണക്കാക്കുന്നത് പോലെ സ്ഥിരീകരിക്കപ്പെട്ടാൽ, സഹാറയ്ക്ക് തെക്ക് പടിഞ്ഞാറൻ ആഫ്രിക്കയിലെ സഹേലിൽ നടന്ന അസാധാരണമായ ക്രൂരമായ നിമിഷത്തെ ഇത് അടയാളപ്പെടുത്തും. സഹേൽ പ്രദേശത്ത് അമേരിക്കയുടെയും ഫ്രഞ്ച് സൈന്യത്തിന്റെയും നേതൃത്വത്തിലുള്ള സുരക്ഷാ പദ്ധതികൾ ജിഹാദികളുടെ മുന്നേറ്റം മന്ദഗതിയിലാക്കാൻ പാടുപെടുകയായിരുന്നു. എന്നാൽ മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവിടങ്ങളിലുടനീളമുള്ള അട്ടിമറികളുടെ ഒരു പരമ്പര ഫ്രഞ്ച്, അമേരിക്കൻ സേനകളുടെ പിന്മാറ്റത്തിലേക്ക് നയിച്ചു. അതിനു ശേഷം ജിഹാദികൾ അഭിവൃദ്ധി പ്രാപിച്ചതായി ഒരു ഫ്രഞ്ച് സുരക്ഷാ ഉദ്യോഗസ്ഥൻ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.