പ്രധാന ഓഫീസുകൾക്കു മുന്നിൽ മരിച്ചവരുടെ ചിത്രങ്ങളുമായി ശവപ്പെട്ടികളും മറ്റും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിനു പിന്നിലായി കൂടാരം പോലെ നിർമ്മിച്ച്, അതിനുള്ളിൽ കുക്കി രക്തസാക്ഷികളുടെ ഫോട്ടോകൾ വച്ചിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ പ്രായവും ഫോട്ടോയ്‌ക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരിൽ കൂടുതലും 18 – 20 വയസ്സ് പ്രായത്തിലുള്ള യുവാക്കളാണ്. തങ്ങളുടെ വീടുകളിലേക്കുള്ള അക്രമികളുടെ കടന്നുകയറ്റത്തെ തടയുന്നതിനിടയിൽ കൊല്ലപ്പെട്ടവരാണ് അവരെല്ലാം. തുടർന്നു വായിക്കുക. കത്തിയെരിഞ്ഞ മണിപ്പൂർ അഞ്ചാം ഭാഗം.
“ജൂൺ പതിനെട്ടാം തീയതിയാണ് ആ ചെറുപ്പക്കാരൻ മരിക്കുന്നത്. ഏതാണ്ട് മുപ്പതു വയസ്സു മാത്രം പ്രായമായിരുന്നു മെയ്തെയ്കൾ കൊലപ്പെടുത്തിയ ആ യുവാവിനുണ്ടായിരുന്നത്. ചെറുപ്പക്കാരിയായ ഭാര്യ; നാലുമക്കൾ. ഏറ്റവും ഇളയ കുഞ്ഞിന് വെറും രണ്ടുമാസം പ്രായം. തന്റെ ഭർത്താവ് ജീവനോടെയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ സാധിക്കാതിരുന്ന ആ യുവതിയെ പിന്നീട്, മോർച്ചറിയിൽ വച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ട് കാണിക്കേണ്ടിവന്നു. അതിനുശേഷം വൈദികരും സിസ്റ്റേഴ്‌സും ആർമിക്കാരോടും മറ്റ് ഉദ്യോഗസ്ഥരോടുമൊക്കെ യാചിച്ചു, ആ മൃതദേഹം ഒന്ന് വിട്ടുകിട്ടാൻവേണ്ടി. എന്നാൽ മതാചാരപ്രകാരം സംസ്കരിക്കാൻ അവരത് വിട്ടുനൽകിയില്ല. ഇന്നും ആ യുവതി വേദനയോടെ കാത്തിരിക്കുകയാണ്. ഒന്നും ഉരിയാടാതെ; ആ മക്കൾ കളിക്കുകയാണ് ഒന്നുമറിയാതെ.” ഹൃദയം നീറുന്ന വേദനയോടെ സി. ടീന തെരേസ എസ്.ഡി. ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. 12 ദിനങ്ങളിലായി കടന്നുപോയ ക്യാമ്പുകളിലെല്ലാം ഒരായുസ്സു മുഴുവൻ എരിയാൻതക്ക അനുഭവങ്ങൾക്കായിരുന്നു ഇവർ സാക്ഷ്യം വഹിച്ചത്.
തടഞ്ഞുവയ്ക്കപ്പെടുന്ന മൃതദേഹങ്ങൾ
കലാപത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങളൊന്നുംതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടില്ല എന്നത് അത്യന്തം വേദനയോടെയാണ് സിസ്റ്റർ പങ്കുവയ്ക്കുന്നത്. മൃതദേഹങ്ങൾ വിട്ടുകൊടുത്താൽ ഇരകളാക്കപ്പെടുന്ന വിഭാഗം അതുമായി പ്രശ്നമുണ്ടാക്കാനുള്ള സാഹചര്യം മുന്നിൽക്കണ്ട് അവയൊക്കെ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തരത്തിൽ അനാഥമാക്കപ്പെട്ട, തിരിച്ചറിയാൻ കഴിയാത്ത അനേകം മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലുണ്ട്. ചിലരുടെയൊക്കെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ, അത് സ്വീകരിക്കാൻ പ്രിയപ്പെട്ടവർക്ക് ആശുപത്രിയിലെത്താൻ കഴിയാത്തതിനാൽ അവിടെ കിടന്നുപോകുകയാണ്. കത്തിച്ച പാതിവെന്ത മൃതദേഹങ്ങൾ, അതിൽ പലതും തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കപ്പെട്ടവയാണ്. ഇങ്ങനെ ഭീകരമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറികൾ.
മരണശേഷവും മനുഷ്യശരീരത്തിനു ബഹുമാനം ലഭിക്കാത്ത അവസ്ഥ. നാളെ അല്ലെങ്കിൽ മറ്റൊരുനാൾ ഈ മൃതദേഹങ്ങൾ ഗവണ്മെന്റ് കത്തിക്കുമായിരിക്കും. മൃതദേഹങ്ങൾ സൂക്ഷിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുന്നിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ച്, മാസ്ക് വച്ച്, തല മൂടി ഒരു സംഘം കുക്കിസ്ത്രീകൾ രാവിലെ വന്നിരിക്കും. വഴി ബ്ലോക്ക് ആക്കിയാണ് ഇവർ ഇവരുടെ നിശ്ശബ്ദപ്രതിഷേധം നടത്തുന്നത്; സങ്കടം പ്രകടിപ്പിക്കുന്നത്. അല്ലെങ്കിൽ അത് ആരുടേയും ശ്രദ്ധയിൽപെടില്ലായെന്ന് ഇവർക്കറിയാം.
നിശ്ശബ്ദമായ പ്രതിഷേധങ്ങൾ
ആശുപത്രികൾക്കു മുന്നിൽ കറുത്ത വസ്ത്രങ്ങൾ ധരിച്ച്, നിശ്ശബ്ദരായിരിക്കുന്ന സ്ത്രീകൾ പ്രതിഷേധത്തിന്റെ മറ്റൊരു മുഖമാണ്. ഇതുകൂടാതെ, ആഴ്ചയിൽ മൂന്നുദിവസം മാത്രമേ ഇവിടെ കടകൾ തുറന്നുപ്രവർത്തിക്കുകയുള്ളൂ. ബാക്കി ദിവസങ്ങൾ ഇവിടെ ആളുകൾ ഹർത്താൽ ആചരിക്കുകയാണ്. ആക്രമണങ്ങളോ, സിന്ദാബാദ് വിളികളോ ഈ ഹർത്താലുകൾക്കില്ല. കറുത്ത വസ്ത്രങ്ങൾ ധരിച്ച് വളരെ നിശ്ശബ്ദമായി അവർ നടന്നുനീങ്ങും. ഒരുപക്ഷേ, ആരും സഹായിക്കാനില്ലാത്തവരുടെ പ്രതിഷേധത്തിന്റെ സ്വരമാകാം ഈ നിശ്ശബ്ദത പോലും.
കൂടാതെ, പ്രധാന ഓഫീസുകൾക്കു മുന്നിൽ മരിച്ചവരുടെ ചിത്രങ്ങളുമായി ശവപ്പെട്ടികളും മറ്റും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിനു പിന്നിലായി കൂടാരം പോലെ നിർമ്മിച്ച്, അതിനുള്ളിൽ കുക്കി രക്തസാക്ഷികളുടെ ഫോട്ടോകൾ വച്ചിരിക്കുന്നു. കൊല്ലപ്പെട്ടവരുടെ പ്രായവും ഫോട്ടോയ്‌ക്കൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരിൽ കൂടുതലും 18 – 20 വയസ്സ് പ്രായത്തിലുള്ള യുവാക്കളാണ്. തങ്ങളുടെ വീടുകളിലേക്കുള്ള അക്രമികളുടെ കടന്നുകയറ്റത്തെ തടയുന്നതിനിടയിൽ കൊല്ലപ്പെട്ടവരാണ് അവരെല്ലാം. ഇത്തരത്തിൽ പത്തിരുനൂറോളം ആളുകളുടെ ചിത്രങ്ങൾ ഈ സ്മാരകത്തിൽ സ്ഥാപിച്ചിട്ടുണ്ട്.” സിസ്റ്റർ വേദനയോടെ ഓർക്കുന്നു.
പ്രചരിക്കുന്ന വ്യാജവാർത്തകൾ
മണിപ്പൂരിൽ കലാപം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്റർനെറ്റും മറ്റു സൗകര്യങ്ങളും സർക്കാർ തടഞ്ഞിരുന്നു. അതിനാൽ മണിപ്പൂരിൽ എന്താണ് സംഭവിച്ചതെന്ന് പുറംലോകത്തിന് വ്യക്തമായ ധാരണ കിട്ടിയിരുന്നില്ല. എങ്കിലും പുറത്തുവന്ന ഏതാനും സംഭവങ്ങൾ, അത് മുൻപിൻ ചിന്തിക്കാതെ സത്യമാണെന്ന് ജനം വിശ്വസിച്ചു. അത്തരത്തിൽ തെറ്റിധരിക്കപ്പെട്ട ഒരു സംഭവമാണ് മെയ്തെയ്കളെ ആക്രമിക്കാനെത്തിയ മനുഷ്യബോംബായി ചിത്രീകരിച്ചു കൊലപ്പെടുത്തിയ ഒരു സ്ത്രീയുടേത്. യഥാർഥത്തിൽ, വർഷങ്ങളായി മാനസികവിഭ്രാന്തിയിൽ കഴിഞ്ഞിരുന്ന ഒരു സ്ത്രീയായിരുന്നു അവർ.
കലാപം ആരംഭിച്ച നാളുകളിൽ ഈ സ്ത്രീയെ തിരഞ്ഞെങ്കിലും ആരും കണ്ടിരുന്നില്ല. സാധാരണ ഓടയുടെ വക്കത്തും കടത്തിണ്ണകളിലുമൊക്കെ അന്തിയുറങ്ങിയിരുന്ന സ്ത്രീയായിരുന്നു അത്. അവരെയാണ് മെയ്തെയ്കൾ, തങ്ങളെ ആക്രമിക്കാൻ വന്ന ശത്രുവെന്ന് പറഞ്ഞു കൊലപ്പെടുത്തിയത്. ഇതുപോലെ തന്നെ, മാനസികനില തെറ്റിയ മറ്റൊരു സ്ത്രീയെയും മെയ്തെയ്കൾ കൊലപ്പെടുത്തിയിരുന്നു. ആ സ്ത്രീയുടെ മൃതശരീരം കണ്ടെടുക്കുമ്പോൾ മുഖം മനസ്സിലാക്കാൻപോലും കഴിയാത്തവിധം വെടിയേറ്റ് തകർന്നിരുന്നു എന്നത് സംഭവങ്ങളുടെ ക്രൂരതയിലേക്ക് വിരൽചൂണ്ടുന്നു.
ഇതുകൂടാതെ, കൊല്ലപ്പെട്ട ഡേവിഡ് എന്ന യുവാവിന്റെ വാർത്തയും പുറത്തുവന്നത് മെയ്തെയ്കൾക്ക് അനുകൂലമായിട്ടായിരുന്നു. ഇത്തരത്തിൽ, വ്യാജമായ ഒരുപാട് വാർത്തകൾ മണിപ്പൂരിൽ നിന്നും പുറത്തുവന്നിട്ടുണ്ട് എന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു. പുറത്തുവരുന്ന വാർത്തകൾ, ഇന്റർനെറ്റും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാൽ കുക്കികൾ അറിഞ്ഞിരുന്നില്ല. അറിഞ്ഞവർ അത് ശരിയോ, തെറ്റോ എന്ന് തിരക്കാതെ അതിനെ സ്വീകരിച്ചു. ഇതായിരുന്നു മണിപ്പൂർ കലാപം കൂടുതൽ രൂക്ഷമാകാനുണ്ടായ മറ്റൊരു കാരണം.
“ഞങ്ങളെയും കൂടെ കൂട്ടുമോ സിസ്റ്റർ?”
പല ക്യാമ്പുകളിൽ നിന്നും പോരുമ്പോൾ വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമടക്കം ചോദിക്കുന്ന ഒരു ചോദ്യമാണ്, “സിസ്റ്ററേ, ഞങ്ങളെയും കൂടെ കൊണ്ടുപോകാമോ,” ” ഞങ്ങൾക്ക് പഠിക്കാൻ എങ്ങനെയെങ്കിലും സൗകര്യമുണ്ടാക്കാമോ” എന്നത്. കൊറോണ കഴിഞ്ഞ് സ്‌കൂളുകൾ സാധാരണ നിലയിലേക്ക് പ്രവർത്തിച്ചുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ ഇവിടെയും. എന്നാൽ അധികം വൈകാതെ തന്നെ കലാപം മൂലം അവ അടച്ചുപൂട്ടി. പല വിദ്യാലയങ്ങളും അഗ്നിക്കിരയായി. കുട്ടികളുടെ പഠനോപകാരണങ്ങളും പാഠപുസ്തകങ്ങളും കത്തിനശിച്ചു. മുതിർന്ന വിദ്യാർഥികളിൽ പലരുടെയും ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ കത്തിനശിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിലും പ്രതീക്ഷ കൈവെടിയാത്ത ചോദ്യമാണത്. പലപ്പോഴും ഇവരുടെ ഈ നിസ്സഹായാവസ്ഥയ്ക്കു മുന്നിൽ നിന്നും ഏറെ വേദനയോടെ മടങ്ങേണ്ടിവന്നു ഈ സന്യാസിനിമാർക്ക്.
ഇനി ഈ വിദ്യാർഥികളെ മറ്റെവിടെയെങ്കിലുമെത്തിച്ച് പഠിപ്പിക്കാൻ എന്തെങ്കിലും മാർഗങ്ങൾ കണ്ടെത്തുകയാണെങ്കിൽത്തന്നെയും നിലവിലെ സാഹചര്യമനുസരിച്ച് അവരെ ആ ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുവരിക എന്നത് വളരെ അപകടകരമായ ഒന്നാണ്. ഇപ്പോൾ താമസിക്കുന്ന ഗ്രാമങ്ങളിൽ നിന്നും പുറത്തിറങ്ങിയാൽ കലാപകാരികളുടെ കൈകളിൽ അകപ്പെടാം; തങ്ങൾ കുക്കികളാണെന്നു തിരിച്ചറിയപ്പെടുന്ന ഏതു നിമിഷവും അവർ കൊല്ലപ്പെടാം. അതിനാൽ ഏറെ വേദനയോടെ തങ്ങളുടെ സ്വപ്നങ്ങൾ ഉള്ളിലൊതുക്കിക്കഴിയുകയാണ് അവർ.
“ദൈവം കാത്തു”
എല്ലാം നഷ്ടപ്പെട്ടവർ. തിരിഞ്ഞുനോക്കിയാൽ എവിടെനിന്നു തുടങ്ങണമെന്നുപോലും അറിയാതെ ഉഴലുന്നവർ. ഈ നിസ്സഹായാവസ്ഥയിൽ അവരുടെ ഉള്ളിൽ പ്രതീക്ഷ ജ്വലിക്കുകയാണ്. ക്യാമ്പുകളിൽ പോയപ്പോൾ പല നാവുകളിൽ നിന്നുമുയർന്ന വാക്കുകളാണ്, “സിസ്റ്ററേ, ദൈവം കാത്തതാ. ജീവൻ തിരിച്ചുകിട്ടിയല്ലോ.” അവർക്ക് പറയാൻ നഷ്ടങ്ങളുടെ പട്ടികയില്ല. ഉള്ളിൽ വേദനകളുണ്ട്. എങ്കിലും ദൈവത്തിലുള്ള വലിയ വിശ്വാസത്തിന്റെ ഉറപ്പിൽ അവർ നാളേയ്ക്ക് നോക്കുകയാണ്.
അതുപോലെ തന്നെയാണ് പല യുവജനങ്ങളും. പലർക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. കേറികിടക്കാൻ ഒരു വീടില്ല. എത്രനാൾ ക്യാമ്പുകളിൽ കഴിയുമെന്നതിന് ഉത്തരം നിസ്സഹായമായ ഒരു നോട്ടവും മൗനവും മാത്രം. ഇതുവരെ അധ്വാനിച്ച് പഠിച്ചുനേടിയ ഡിഗ്രി സർട്ടിഫിക്കറ്റുകളുൾപ്പെടെ പലതും നഷ്ടപ്പെട്ടു. ഈ നിസ്സഹായാവസ്ഥയിലും അവരിൽ പലരുടെയും വാക്കുകൾ ഇപ്രകാരമാണ്: “എന്തെങ്കിലും ജോലിയെടുത്തു ജീവിക്കണം. മാതാപിതാക്കൾ ഇതുവരെ ഞങ്ങളെ സംരക്ഷിച്ചു. ഇനി അവർക്ക് ഒന്നുമില്ല. ഇനി അവരെ ഞങ്ങൾക്ക് സംരക്ഷിക്കണം; എന്ത് ജോലിയെടുത്താണെങ്കിലും.” ഇവരിലാരും ഈ സ്ഥലം വിട്ടുപോകണമെന്നോ തങ്ങൾക്ക് ഈ അവസ്ഥ വന്നതിൽ പഴിക്കുന്നതോ കണ്ടില്ല, മറിച്ച് എല്ലാവരിലും ഒരു ശുഭാപ്തിവിശ്വാസം നിറഞ്ഞുനിന്നിരുന്നു. അതാണ് ടീന സിസ്റ്ററിനെ അത്ഭുതപ്പെടുത്തിയതും!
മരിയ ജോസ്
(തുടരും…)