ഒരു ഗ്രാമത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ആക്രമണമുണ്ടായപ്പോൾ രക്ഷപെടാൻ കഴിയാതെവന്ന കിടപ്പിലായവരും മാനസികരോഗികളുമായിരുന്നു ആ നാലുപേർ. അവരെ എടുത്തുകൊണ്ട് ഓടാൻ കഴിയാതെ നിസ്സഹായരായി രക്ഷപെടേണ്ടിവന്ന കുടുംബാംഗങ്ങൾ! തിരിഞ്ഞുനോക്കിയപ്പോൾ അവർ കണ്ടത്, രക്ഷപെടാൻ ശേഷിയില്ലാത്ത ആ നാലു മനുഷ്യരുമായി വീടുകൾ കത്തിയമരുന്നതാണ്. തുടർന്നു വായിക്കുക. കത്തിയെരിഞ്ഞ മണിപ്പൂർ – നാലാം ഭാഗം.
മരുന്നുകളുമായുള്ള യാത്ര
“വഴിയരികിൽ കത്തിയെരിഞ്ഞ, തകർക്കപ്പെട്ട കെട്ടിടങ്ങൾ. അവയിൽ പലതും ചാരക്കൂമ്പാരമായി കിടന്നിരുന്നു. മറ്റുചില കെട്ടിടങ്ങൾ ജെസിബിയും മറ്റും ഉപയോഗിച്ച് തകർത്തിരുന്നു. ചിലത് തകർത്തുകൊണ്ടിരിക്കുന്നു. അനാഥപ്രേതം പോലെയായ നഗരങ്ങൾ. മുൻപ് നാഗാലാൻഡുകാരും മണിപ്പൂരികളും കുക്കികളും മെയ്തേയ്കളും ഒരുമിച്ചുതാമസിച്ചിരുന്ന ഇടങ്ങൾ ഇന്ന് അന്യമായി. എവിടെ മെയ്തേയ്കളുണ്ടോ അവിടെ അവർ മാത്രം; എവിടെ കുക്കികൾ ഉണ്ടോ അവിടെ കുക്കികൾ മാത്രം. പരസ്പരം കലർന്നുജീവിക്കുന്ന ഒരു രീതിക്ക് കലാപം അറുതിവരുത്തിയിരുന്നു. അങ്ങനെ ഗ്രൂപ്പുകളായി താമസിക്കുന്ന ഇവരുടെ പക്കലേക്കു പോകുക എന്നത് വളരെ പ്രയാസവും ഒപ്പം അപകടം നിറഞ്ഞതുമായ ഒന്നാണ്.” മണിപ്പൂരിലെ ചുർചന്ദ്പൂർ, കാങ്പോക്പി ജില്ലകളിൽ സന്ദർശനം നടത്തുകയും ക്യാമ്പുകളിലെ ദുരിതജീവിതം നേരിട്ടുകാണുകയും ചെയ്ത നേഴ്സ് കൂടിയായ സി. ടീന തെരേസിന്റെ വാക്കുകളാണിത്.
“മണിപ്പൂർ സേനാപതി ജില്ല വരെയുള്ള യാത്ര വലിയ കുഴപ്പമില്ലാതെ പോയി. പിന്നീടങ്ങോട്ടുള്ള യാത്ര വളരെ ഭീതികരമായ ഒന്നായിരുന്നു” – സിസ്റ്റർ ഇത് പറയുമ്പോൾ കണ്മുൻപിൽ പിന്നിട്ട വഴികളും അനുഭവങ്ങളും തെളിയുകയായിരുന്നു.
ഒരു ട്രൈബൽ സമൂഹത്തെ കടന്ന് അടുത്ത സ്ഥലത്തേക്കു പോകുമ്പോൾ അവർക്കറിയാം, എതിർവശത്തുള്ളവരെ സഹായിക്കാനാണ് ഇവർ പോകുന്നതെന്ന്. അതിനാൽ മരുന്നുകളും മറ്റും അവിടേക്കു കൊണ്ടുപോകാൻ പലപ്പോഴും പല ആളുകളെയും അവർ അനുവദിച്ചിരുന്നില്ല; എന്നാൽ ചുർചന്ദ്പൂർ, കാങ്പോക്പി ജില്ലകളിലെ ക്യാമ്പുകളിൽ മരുന്നുകൾ അത്യാവശ്യമായിരുന്നുതാനും. പല ക്യാമ്പുകളിലേക്കും മരുന്നുകൾ തികയാതെവന്നപ്പോൾ അടുത്തുള്ള ടൗണുകളിലും മറ്റുംപോയി മരുന്നുകൾ വാങ്ങി. മരുന്നുകൾക്കൊക്കെയും തീപിടിച്ച വിലയായതിനാൽ കൂടുതൽ മരുന്നുകൾ വാങ്ങാൻ കഴിയുമായിരുന്നില്ല എന്ന് സിസ്റ്റർ പറയുന്നു.
രോഗബാധിതരാവുന്ന ക്യാമ്പ് നിവാസികൾ
ഒരു ക്ളാസ്സ് മുറിയിൽ കഴിയുന്ന ഒന്നും രണ്ടും കുടുംബങ്ങൾ. അടുത്തടുത്തായി താമസിക്കുന്ന ആളുകൾ, ക്യാമ്പുകളിലെ സൗകര്യങ്ങളുടെ അഭാവം ഇതിനാലൊക്കെ പല ക്യാമ്പുകളിളെയും ആളുകൾക്ക് വയറിളക്കം, പനി, ത്വക്ക് രോഗങ്ങൾ, ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ആരംഭിച്ചിരുന്നു. അതിനാൽത്തന്നെ അവർക്കൊക്കെയും ആവശ്യമായ മരുന്നുകളെത്തിക്കുക അനിവാര്യമായ ഒന്നായിരുന്നു. കാലാവസ്ഥയിലുള്ള വ്യതിയാനവും കൂട്ടമായുള്ള താമസവുമെല്ലാം ആളുകളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു എന്നുവേണമെങ്കിൽ പറയാം.
മറ്റൊരിടത്ത് ഒരു ക്യാമ്പിൽ എല്ലാവർക്കും ചിക്കൻപോക്സ് പടർന്നുപിടിച്ചു. രോഗബാധിതരായ ആളുകളെ ഒറ്റയ്ക്ക് കിടത്താൻ കഴിയാത്തതിനാൽ ചിക്കൻപോക്സ് കൂടുതൽ ആളുകളിലേക്ക് പടരുകയായിരുന്നു. അല്പം ഗുരുതരമായിത്തീർന്ന ഈ സാഹചര്യത്തിലും ആവശ്യമായ മരുന്നുകളെത്തിക്കാനും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും ഈ സന്യാസിനിമാർ ശ്രമിച്ചിരുന്നു.
മക്കൾ എവിടെയെന്നറിയാതെ വേദനിക്കുന്ന അമ്മമാർ
മെയ്തേയ്കൾ ആക്രമിക്കാനെത്തിയപ്പോൾ രാത്രിക്കുരാത്രി മക്കളെയും കൂട്ടി ഇറങ്ങിയോടിയതാണ് ക്യാമ്പുകളിൽ കഴിയുന്ന പലരും. എന്നാൽ ആ ഓട്ടത്തിനിടയിൽ പലരും ചിതറിക്കപ്പെട്ടു. ചെറിയ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട അമ്മമാർ, കൗമാരക്കാരായ പെൺകുട്ടികൾ എവിടെയാണെന്നറിയാതെ ആശങ്കപ്പെടുന്ന സ്ത്രീകൾ, എവിടെയൊക്കെയോ ആയി ചിതറിക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർ എവിടെയെങ്കിലും ജീവനോടെ ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലും ഉള്ളുലയുന്ന വേദനയിൽ കഴിയുന്നവർ… കടന്നുവന്ന ക്യാമ്പുകളിൽ ഉള്ളുലയ്ക്കുന്ന കാഴ്ചകൾ ഏറെയായിരുന്നുവെന്ന് ഈ സന്യാസിനി പറയുന്നു.
രക്ഷപെടുന്നതിനിടയിലുള്ള ഓട്ടത്തിൽ പല കുടുംബങ്ങളിലെയും ആളുകൾ പലയിടത്തും ചിതറിക്കപ്പെട്ടിരുന്നു. അവരിൽ പലരും ഇന്ന് ജീവനോടെയുണ്ടോ എന്നുപോലും പലർക്കും അറിയില്ല. ജീവനോടെ ഏതെങ്കിലും ക്യാമ്പിലുണ്ടെങ്കിൽത്തന്നെയും അവരുടെ അസാന്നിധ്യത്തിൽ മറ്റൊരിടത്ത് ഉരുകിക്കഴിയുകയാണ് അവരുടെ പ്രിയപ്പെട്ടവർ. ഇതും നഷ്ടവേദനയുടെ മറ്റൊരു തലമായി മാറുകയായിരുന്നു.
ഇതുപോലെ മക്കൾ നഷ്ടപ്പെടുകയും അന്നോളം സ്വരുക്കൂട്ടി ഉണ്ടാക്കിയതെല്ലാം കണ്മുൻപിൽ കത്തിച്ചാമ്പലാകുകയും ചെയ്യുന്നതിന് സാക്ഷ്യംവഹിക്കേണ്ടിയുംവന്ന ഒരു സ്ത്രീയെ സി. ടീന തെരേസും കൂടെയുള്ളവരും കണ്ടു. ഇനി ഒന്നുമില്ല എന്ന യാഥാർഥ്യവും ഒപ്പം മക്കളെ കാണാതായ സങ്കടവും വർധിച്ചതോടെ മാനസികമായി തകർന്ന ഈ സ്ത്രീ മെഡിക്കൽ കോളേജിൽ ഐസിയുവിൽ കഴിയുകയാണ്. വൈകാതെ സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും ഇതുവരെയും മക്കളെ കണ്ടെത്തിയിട്ടില്ല എന്നത് അവരുടെ തിരിച്ചുവരവ് വൈകുന്നതിനു കാരണമായി നിലകൊള്ളുന്നു.
നിസ്സഹാവസ്ഥയിൽ ഉഴലുന്നവർ
“സിസ്റ്ററേ, ഒരു കത്തി കിട്ടുമോ?” മുൻപ് വലിയ കുഴപ്പമില്ലാത്ത സാമ്പത്തികസ്ഥിതിയിൽ കഴിഞ്ഞവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഈ ചോദ്യത്തിൽ പ്രതിഫലിക്കുന്നത്. കാരണം ഒരു കത്തിപോലും കയ്യിൽ അവശേഷിക്കാതെ കലാപകാരികൾ എല്ലാം തച്ചുടച്ചു തകർത്തവരാണ് ക്യാമ്പുകളിൽ കഴിയുന്നവർ. അവരിൽ പാവങ്ങളായിട്ടുള്ളവർ ഉണ്ടായിരുന്നു; സമ്പന്നരും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാവരും മാറിയുടുക്കാൻ മറ്റൊരു വസ്ത്രം പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തപ്പെട്ടിരിക്കുന്നു. അവരുടെയൊക്കെ നിസ്സഹായാവസ്ഥയിൽ എങ്ങനെ കണ്ട് ആശ്വസിപ്പിക്കണമെന്നറിയാതെ ഈ സന്യാസിനിമാർ കടന്നുപോയ നിമിഷങ്ങളുണ്ട്.
ബാപ്റ്റിസ്റ്റ്കാർ നടത്തുന്ന ഒരു ക്യാമ്പിൽ ചെന്നപ്പോൾ അവിടെ ഒരാൾ മാത്രം കൊന്ത ധരിച്ചിരിക്കുന്നതു കണ്ടു. ബാപ്റ്റിസ്റ്റ് വിശ്വാസികൾ സാധാരണ കൊന്ത ധരിക്കാറില്ല. മെല്ലെ അദ്ദേഹത്തിനരികിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും ഈ സന്യാസിനിയെ അത്ഭുതപ്പെടുത്തുന്നുണ്ട്: “സിസ്റ്ററേ, ഞാൻ ഒറ്റയ്ക്കിരുന്ന് ജപമാല ചൊല്ലും; പ്രാർഥിക്കും. ഓട്ടത്തിനിടയിൽ എങ്ങനെയോ ഈ ക്യാമ്പിലെത്തിയതാണ്. എന്റെ കുടുംബാംഗങ്ങൾ വേറെ എവിടെയെങ്കിലും ക്യാമ്പിലായിരിക്കും.”
ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലായിരിക്കുമ്പോഴും കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള ഓർമ്മകളിൽ വിങ്ങുകയാണ് പലരും. “സിസ്റ്ററേ, ഞങ്ങളുടെ ഗ്രാമത്തിൽ നാലുപേർ കൊല്ലപ്പെട്ടു. മെയ്തേയ്കൾ ആക്രമിച്ചപ്പോൾ രക്ഷപെടാൻ കഴിയാതെവന്ന കിടപ്പിലായവരും മാനസികരോഗികളുമായിരുന്നു അവർ. അവരെ എടുത്തുകൊണ്ട് ഓടാൻ കഴിയാതെ നിസ്സഹായരായി രക്ഷപെടേണ്ടിവന്ന കുടുംബാംഗങ്ങൾ! തിരിഞ്ഞുനോക്കിയപ്പോൾ അവർ കണ്ടത് രക്ഷപെടാൻ ശേഷിയില്ലാത്ത ആ നാലു മനുഷ്യരുമായി വീടുകൾ കത്തിയമരുന്നതാണ്” – ഒരു സ്ത്രീ വേദനയോടെ പറഞ്ഞത് സിസ്റ്റർ ഓർക്കുന്നു.
മാനസികമായി മുറിവേറ്റവർ
ക്യാമ്പുകളിലൂടെയുള്ള സന്ദർശനത്തിനിടെ സി. ടീന തെരേസയ്ക്ക് മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു, കോടികളുടെ ബിസിനസ്സുകാരായ ഒരു കുടുംബത്തെ കണ്ടത്. നല്ല സൗകര്യത്തിൽ കഴിഞ്ഞവർ. ഇന്ന് ഇവർ ജീവിക്കുന്നത് ക്യാമ്പിലാണ്. കുക്കി – മെയ്തേയ് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇവരുടെ മൂന്നുകോടിയോളം വരുന്ന സ്വത്തുവകകളും ഉപജീവനമാർഗവുമാണ് നഷ്ടപ്പെട്ടത്. സമ്പന്നതയിൽ കഴിഞ്ഞ അവർ ക്യാമ്പുകളിലേക്ക് എത്തിയപ്പോൾ കടന്നുപോയ മാനസികാവസ്ഥ അത്രയേറെ മോശമായിരുന്നു. ഇതുവരെയുണ്ടായിരുന്ന അധ്വാനഫലം മുഴുവനും നഷ്ടപ്പെട്ട്, ഒന്നുമില്ലാത്തവനായിത്തീരേണ്ടിവന്നവന്റെ നിസ്സഹായാവസ്ഥ വാക്കുകളിൽ ഒതുങ്ങുന്നതല്ല.
ക്യാമ്പുകളിൽ പല ആളുകളുടെ വേദനയിലൂടെ കടന്നുപോയി. മൗനം തളംകെട്ടിയ പല മുഖങ്ങളും അവിടെയുണ്ടായിരുന്നു. ചിലരൊക്കെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയാറായി. എന്നാൽ മറ്റുചിലർ, ഒന്ന് കരയാൻ പോലുമാവാതെ, തങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന അവസ്ഥയെ ഇനിയും ഉൾക്കൊള്ളാൻ തയാറാകാതെ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു. നിശ്ശബ്ദതയിലായിരുന്ന പല മുഖങ്ങൾക്കും പറയാതെപറയാൻ ഒരായിരം കഥകൾ, നേരിട്ട ക്രൂരതകളുടെ അനുഭവങ്ങളുണ്ടായിരുന്നു. ആ മുഖങ്ങൾ ഇന്ന് ഭയപ്പെടുത്തുകയാണ്.
മരിയ ജോസ്
(തുടരും…)