കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. പാലക്കാട്, ചേലക്കര, വയനാട് എന്നിവിടങ്ങളിലെ വോട്ടെണ്ണലാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങൾ പത്തുമണിയോടെ വന്നുതുടങ്ങും.
രാഹുൽ ഗാന്ധി രാജി വച്ചതിനെത്തുടർന്ന് ഒഴിവുവന്ന വയനാട് സീറ്റിൽ സഹോദരി പ്രിയങ്ക ഗാന്ധിയാണ് ജനവിധി തേടിയത്. സി. പി. ഐ. നേതാവ് സത്യൻ മൊകേരിയാണ് എൽ. ഡി. എഫ്. സ്ഥാനാർഥി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസിനെയാണ് ബി. ജെ. പി. സ്ഥാനാർഥിയായത്. ചേലക്കരയിൽ യു. വി. പ്രദീപ് (എൽ. ഡി. എഫ്.), രമ്യ ഹരിദാസ് (യു. ഡി. എഫ്.), ബാലകൃഷ്ണൻ (ബി. ജെ. പി.) എന്നിവരും പാലക്കാട് ഡോ. പി. സരിൻ (എൽ. ഡി. എഫ്.), രാഹുൽ മാങ്കൂട്ടത്തിൽ (യു. ഡി. എഫ്.), സി. കൃഷ്ണകുമാർ (ബി. ജെ. പി.) എന്നിവരും ജനവിധി തേടുന്നു.
പാലക്കാട് വോട്ടെണ്ണൽ ഗവ. വിക്ടോറിയ കോളേജിലാണ് നടക്കുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും പോസ്റ്റൽ ബാലറ്റുകളുമായിരിക്കും. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഇ. വി. എം. സൂക്ഷിച്ചത് നിലമ്പൂർ അമൽ കോളേജിലാണ്.