രാജ്യാന്തര ഫുട്ബോള്‍ വേദിയിലും സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ലേണിങ് ആപ്ലിക്കേഷന്‍. 2022 ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരില്‍ ഒരാളായി എഡ്‌ടെക് കമ്പനിയായ ബൈജൂസിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇന്ത്യയില്‍നിന്ന് ഫിഫ ലോകകപ്പിന്റെ പ്രധാന സ്പോണ്‍സറാകുന്ന ആദ്യ കമ്പനിയാണ് ബൈജൂസ് ആപ്പ്.
ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറെന്ന നിലയില്‍ ലോകവേദിയില്‍ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. രാജ്യാന്തര തലത്തില്‍ ഫിഫ ലോകകപ്പിന്റെ സ്പോണ്‍സറാകുന്ന ആദ്യ എഡ്ടെക് ബ്രാന്‍ഡെന്ന നേട്ടവും ബൈജൂസിനു സ്വന്തം’ – ബൈജൂസ് ട്വിറ്ററില്‍ കുറിച്ചു.
എല്ലാ പ്രായക്കാര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന ബംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും സ്പോണ്‍സര്‍ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സറും ബൈജൂസായിരുന്നു.
‘ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ലോകകപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇതുപോലൊരു രാജ്യാന്തര വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരത്തിലും വിദ്യാഭ്യാസവും സ്പോര്‍ട്സും ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നതിലും സന്തോഷം. സ്പോര്‍ട്സിന് നമ്മുടെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. അത് ലോകമെമ്പാടുമുള്ള ആളുകളെ ഒരേ ചരടില്‍ ബന്ധിപ്പിക്കുന്നു. ഫുട്ബോള്‍ കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതുപോലെ, ഓരോ കുട്ടിയുടെയും ജീവിതത്തില്‍ വിദ്യാഭ്യാസത്തോടുള്ള ഇഷ്ടം വളര്‍ത്താന്‍ ഈ കൂട്ടുകെട്ടിലൂടെ ബൈജൂസിനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ – ബൈജൂസ് ആപ്പിന്റെ സിഇഒ ബൈജു രവീന്ദ്രന്‍ പറഞ്ഞു.