ഈ വർഷത്തെ സി. കേശവൻ പുരസ്കാരം കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് ലഭിച്ചു. സാമൂഹിക പരിഷ്കർത്താവും തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി കേശവന്റെ സ്മരണയ്ക്കായാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരത്തെ മലങ്കര കത്തോലിക്കാ സഭ അതിരൂപതാ മേജർ ആർച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ക്ലീമിസിൻ്റെ മതസൗഹാർദ്ദപരമായ മുന്നേറ്റങ്ങളും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളും പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നൽകിയ സമഗ്ര സേവനങ്ങളും പരിഗണിച്ചുകൊണ്ടാണ് പുരസ്കാരം നൽകുന്നത്. അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. വി.കെ ജയകുമാർ, ഷാജി മാധവൻ, പി.എസ് അമൽരാജ് എന്നിവർ അംഗങ്ങളുമായ നിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
25,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം തിരുവനന്തപുരത്ത് നടത്തപ്പെടുന്ന ചടങ്ങിൽ വച്ചാണ് സമ്മാനിക്കുക