Tuesday, November 26, 2024

രാജ്യത്ത് പുതിയ 157 നഴ്‌സിംഗ് കോളേജുകള്‍ക്ക് അനുമതി; കേരളം പട്ടികയ്ക്ക് പുറത്ത്

രാജ്യത്ത് പുതുതായി 157 നഴ്‌സിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കി കേന്ദ്രമന്ത്രി സഭ. എന്നാല്‍ കേരളം പട്ടികയില്‍ ഇടംപിടിച്ചില്ല. ആകെ 24 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് പുതിയ കോളജുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള മെഡിക്കല്‍ കോളേജുകളുമായി സഹകരിച്ച് 1,570 കോടി രൂപ ചെലവിലാണ് പുതിയ കോളേജുകള്‍ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

പട്ടികയില്‍ ഏറ്റവും മുമ്പിലുളളത് ഉത്തര്‍പ്രദേശ് ആണ്. 27 കോളജുകളാണ് അനുവദിച്ചത്. രാജസ്ഥാനില്‍ 23, തമിഴ്നാട്ടില്‍ 11, കര്‍ണാടകയില്‍ 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. രാജ്യത്ത് ഗുണമേന്മയുള്ള നഴ്സിംഗ് വിദ്യാഭ്യാസം നല്‍കുകയും നഴ്സിംഗ് പ്രൊഫഷണലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

പുതിയ കോളജുകള്‍ അനുവദിച്ചതോടെ 15,700 പുതിയ നഴ്‌സിംഗ് ബിരുദധാരികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളേജുകള്‍ സ്ഥാപിക്കുന്നതിന് 10 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും ബാക്കി തുക സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

 

 

Latest News