കലിഫോർണിയയിൽ ഫാക്ടറി കെട്ടിടത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു; 19 പേർക്ക് പരിക്കേറ്റു. മരിച്ചവർ വിമാനത്തിലുണ്ടായിരുന്നവരാണെന്നും പരിക്കേറ്റവർ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരാണെന്നും കരുതുന്നു. ഉദ്യോഗസ്ഥർ അടുത്ത ബന്ധുക്കളുമായി ബന്ധപ്പെട്ടശേഷം മരിച്ചവരെ തിരിച്ചറിയുമെന്ന് ഫുള്ളർട്ടൺ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.
ആർവി 10 എന്ന ഒറ്റ എൻജിൻ വിമാനമാണ് യാത്രക്കാരുമായി ഫാക്ടറി കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഡിസ്നിലാൻഡിൽ നിന്ന് പത്തു കിലോമീറ്റർ അകലെയുള്ള ഫുള്ളർടോൺ മുൻസിപ്പൽ വിമാനത്താവളത്തിനു സമീപത്താണ് അപകടമുണ്ടായത്. പറന്നുയർന്നതിനുശേഷം എയർ ട്രാഫിക് കൺട്രോളിനോട് പൈലറ്റ് എമർജൻസി ലാൻഡിങ് നടത്താൻ പോകുകയാണെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീടാണ് അപകടം സംഭവിക്കുന്നത്. അപകടത്തിന്റെ കാരണം അന്വേഷിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.
11 പേരെ ആശുപത്രികളിലേക്കു കൊണ്ടുപോയെങ്കിലും എട്ടുപേരെ സംഭവസ്ഥലത്ത് ചികിത്സ നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ഗുരുതരവും നിസ്സാരവുമായ പരിക്കുകൾ ഉള്ളവർ ഉണ്ടെന്ന് ഫുള്ളർട്ടൺ ഡെപ്യൂട്ടി ചീഫ് ഓഫ് ഫയർ ഓപ്പറേഷൻസ് മൈക്കൽ മീചം പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഈ മേഖലയിലുണ്ടാവുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. നവംബർ 25 ന് ഈ ഫാക്ടറിക്കു സമീപത്തെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറി ഒരു അപകടമുണ്ടായിരുന്നു. പക്ഷേ, ആ അപകടത്തിൽ ആർക്കും ഗുരുതര പരിക്കുണ്ടായിരുന്നില്ല.