ലോസ് ആഞ്ചലസിലെ ഏറ്റവും പുതിയ കാട്ടുതീ ഹ്യൂസ് ഫയർ 24% നിയന്ത്രണവിധേയമായതായി അഗ്നിശമനസേന അറിയിച്ചു. ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ 31,000 താമസക്കാർക്ക് ഒഴിപ്പിക്കൽ ഉത്തരവുകളും 16,000 പേർക്ക് അധിക മുന്നറിയിപ്പും നൽകി. 10,176 ഏക്കറോളമാണ് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമത്തിനായി 4000 അഗ്നിശമന സേനാംഗങ്ങളായിരുന്നു രംഗത്തുണ്ടായിരുന്നത്.
ലോസ് ആഞ്ചലസ് പ്രദേശത്തെ ആഴ്ചകളായി നശിപ്പിക്കുന്ന നിരവധി കാട്ടുതീകളിൽ ഒന്നുമാത്രമാണ് ഹ്യൂസ് ഫയർ. ഈറ്റൺ ഫയറും പാലിസേഡ്‌സ് ഫയറും 17 ദിവസമായി തുടർച്ചയായി കത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യമുണ്ടായ കാട്ടുതീയിൽ 28 പേർ കൊല്ലപ്പെടുകയും 16,000 ത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം 2.5 ബില്യൺ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജിൽ ഒപ്പുവച്ചിട്ടുണ്ട്.
നാശനഷ്ടങ്ങൾ വിലയിരുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച സംസ്ഥാനം സന്ദർശിക്കും. എന്നാൽ കാലിഫോർണിയ അതിന്റെ ജലപരിപാലനരീതികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ ഫെഡറൽ ഫണ്ടിംഗ് തടഞ്ഞുവയ്ക്കുമെന്ന് ഉത്തരവുണ്ട്. കാട്ടുതീയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ട്രംപിന് ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ന്യൂസോം ട്രംപിന്റെ പരാമർശങ്ങളെ കഴിഞ്ഞയാഴ്ച വിമർശിച്ചു.