Monday, November 25, 2024

മെറ്റയുടെ നിര്‍ണായക പങ്കും ഉത്തരവാദിത്തവും തിരിച്ചറിയുക, ഭീകരതയുടെ ഭാഗമാകരുത്: മെറ്റക്ക് കത്ത് നല്‍കി 73 സിവില്‍ സൊസൈറ്റികള്‍

സയണിസത്തിനെതിരെയുള്ള വിമര്‍ശങ്ങള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തണമെന്ന് സാമൂഹ്യ മാധ്യമ ഭീമന്‍ മെറ്റക്ക് കത്ത് നല്‍കി സിവില്‍ സൊസൈറ്റികളുടെ കൂട്ടായ്മ. 73 സിവില്‍ സൊസൈറ്റികളുടെ കൂട്ടായ്മയാണ് ഈ കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. സമകാലിക ലോക സംഭവങ്ങള്‍ മനസിലാക്കാന്‍ ലോകസമൂഹം സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നുവെന്നും അതിനാല്‍ മെറ്റയുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും കത്തില്‍ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ പറഞ്ഞിട്ടുള്ളത് പോലെ ഉപയോക്താക്കളുടെ ഓഫ്ലൈന്‍ ആയി ഉള്ള അവകാശങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ ആയും സംരക്ഷിക്കപ്പെടണം എന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രാഥമിക വിധിയില്‍ പ്രതിപാദിക്കുന്നത് പോലെ മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്ന യാതൊരു ഉള്ളടക്കങ്ങളും പലസ്തീനിലും ഇസ്രയേലിലും നടക്കുന്ന അക്രമത്തിന്റെയും ഭീകരതയുടെയും ഭാഗമാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം അത്തരം ഉള്ളടക്കങ്ങള്‍ക്ക് നേരെ കടുത്ത നടപടി കൈക്കൊള്ളണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

സയണിസ്റ്റ് എന്ന പദവുമായി ബന്ധപ്പെട്ട് മെറ്റാ നിലവില്‍ അതിന്റെ വിദ്വേഷ പ്രസംഗനയം പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സിവില്‍ സൊസൈറ്റിയുടെ നീക്കം. ജൂതന്മാര്‍ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പലസ്തീനില്‍ സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് ”സയണിസം”. ഇസ്രയേലിന് പകരം രാജ്യത്തെ വിമര്‍ശിക്കാന്‍ സയണിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു മെറ്റയുടെ പുതിയ നീക്കങ്ങള്‍.

 

 

 

 

Latest News