Monday, November 25, 2024

ഒന്നിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാം: വിക്രം-1 വിക്ഷേപണവാഹനം പുറത്തിറക്കി സ്കൈറൂട്ട്

ഒന്നിലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാകുന്ന റോക്കറ്റ് പുറത്തിറക്കി സ്കൈറൂട്ട് എയറോസ്പേസ്. ഏഴുനിലയോളം ഉയരമുള്ള മള്‍ട്ടി സ്റ്റേജ്റോക്കറ്റാണ് ഇന്ത്യന്‍ എയറോസ്പേസ് സ്റ്റാര്‍ട്ട് ആപ്പ് ആയ സ്കൈറൂട്ട് പുറത്തിറക്കിയത്. വിക്രം-1 എന്ന് പേരുനല്‍കിയിരിക്കുന്ന റോക്കറ്റ്, സ്കൈറൂട്ട് എയറോസ്പേസിന്റെ രണ്ടാമത്തെ റോക്കറ്റാണ്.

ആഗോളതലത്തില്‍ തന്നെ ഉപഗ്രഹങ്ങള്‍ വിന്യസിക്കാന്‍ ശേഷിയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റോക്കറ്റുകളിലൊന്നാണ് വിക്രം-1എന്നാണ് നിര്‍മ്മാണ കമ്പനിയുടെ അവകാശവാദം. ഏകദേശം 300 കിലോഗ്രാം ഭാരമുള്ള പേലോഡ്, ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ റോക്കറ്റിനു കഴിയുമെന്നും സ്കൈറൂട്ട് പറയുന്നു. ഒന്നിലധികം ചെറു ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന വിക്രം-1, ഫൈബറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏതു വിക്ഷേപണകേന്ദ്രത്തില്‍നിന്നും 24 മണിക്കൂര്‍ കൊണ്ട് റോക്കറ്റ് തയ്യാറാക്കി വിക്ഷേപണം നടത്താമെന്നും സ്കൈറൂട്ട് അവകാശപ്പെടുന്നുണ്ട്.

ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുപുറമെ ഗ്രഹാന്തര പര്യവേഷണദൗത്യങ്ങള്‍ വിക്ഷേപിക്കുന്നതിനും വിക്രം-1 സജ്ജമാണ്. 2024 -ല്‍ റോക്കറ്റിന്റെ ആദ്യവിക്ഷേപണം നടക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിക്രം-എസ് ആയിരുന്നു സ്കൈറൂട്ട് എയറോസ്പേസിന്റെ ആദ്യ റോക്കറ്റ്.

അതേസമയം, സ്കൈറൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരം ഹൈദരബാദില്‍ ഉദ്ഘാടനം ചെയ്തു. മാക്സ് ക്യൂ എന്ന പേരിട്ടിരിക്കുന്ന ആസ്ഥാനമന്ദിരം കേന്ദ്ര ശാസ്ത്രസാങ്കേതികവിദ്യ മന്ത്രി ജിതേന്ദ്ര സിങ് ആണ് ഉദ്ഘാടനം ചെയ്തത്. ആ ചടങ്ങലായിരുന്നു വിക്രം-1 ഉം അവതരിപ്പിച്ചത്.

Latest News