മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ പ്രശംസയില്‍ മൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നും താരത്തെ ലോകകപ്പ് ടീമില്‍ പരിഗണിക്കുമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്.
മലയാളി താരമായ സഞ്ജുവിനെ കുറിച്ച് വാചാലനായ രോഹിത് ശര്‍മ്മ 2022ലെ വരുന്ന ടി20 ലോകകപ്പില്‍ സഞ്ജുവിന് ശ്രദ്ധേയമായ റോള്‍ നിര്‍വഹിക്കാനുണ്ട് എന്നും വിശദമാക്കി. ”സഞ്ജു സാംസണ്‍ വളരെയധികം കഴിവുള്ള ഒരു മികച്ച ബാറ്റ്സ്മാനാണ്. നമുക്ക് എല്ലാം തന്നെ അത് അറിയാം. എപ്പോളെല്ലാം സഞ്ജു ബാറ്റുമായി എത്താറുണ്ടോ അപ്പോഴെല്ലാം അദ്ദേഹം നമ്മള്‍ അമ്പരപ്പിക്കുന്ന ചില ഇന്നിങ്‌സുകള്‍ പുറത്തെടുക്കാറുണ്ട്.” രോഹിത് ശര്‍മ്മ വാചാലനായി.
‘സഞ്ജുവിന്റെ മികച്ച അനേകം ബാറ്റിംഗ് ഇന്നിങ്‌സുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഏത് സാഹചര്യത്തിലും തിളങ്ങാനുള്ള മികവ് അദ്ദേഹത്തിന്റെ കൈവശമുണ്ട്. നമ്മള്‍ ഓസ്‌ട്രേലിയയിലേക്ക് പോകുമ്പോള്‍ നമുക്ക് ആവശ്യം ഷോട്ട് കളിക്കാന്‍ കഴിവുള്ള താരങ്ങളെ തന്നെയാണ്. ഓസ്‌ട്രേലിയയില്‍ അടക്കം തിളങ്ങാന്‍ ആവശ്യം ബാക്ക്ഫൂട്ടില്‍ മികച്ച കളി തന്നെയാണ്. സഞ്ജുവിന് തീര്‍ച്ചയായും അത് ഉണ്ട്. അദ്ദേഹം ആ മാനദണ്ഡം പാലിക്കുന്നുണ്ട് ”രോഹിത് ശര്‍മ്മ പറഞ്ഞു.
നേരത്തെ സഞ്ചു സാംസണും ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് എന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മ പറഞ്ഞിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനും ഇടമുണ്ടാകുമെന്ന വ്യക്തമായ സന്ദേശമാണ് ടീം തിരഞ്ഞെടുപ്പിലൂടെ സിലക്ടര്‍മാര്‍ ഇപ്പോള്‍ നല്‍കുന്നത്. ഇതുവരെ 10 ടി20 മത്സരങ്ങളാണ് സഞ്ചു സാംസണ്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചിട്ടുള്ളത്.