Sunday, November 24, 2024

വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ

വിദേശ വിദ്യാര്‍ഥികള്‍ക്ക് ജോലി ചെയ്യാനുള്ള സമയം ക്രമീകരിച്ച് കാനഡ. ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം ജോലി ചെയ്യാന്‍ അനുവദിക്കൂവെന്ന് കാനഡ വ്യക്തമാക്കി. ഈ ഫാള്‍ സെമസ്റ്റര്‍ മുതല്‍ നിയമം നടപ്പാക്കുമെന്നും ക്ലാസ് നടക്കുന്ന സമയത്ത് വിദേശ വിദ്യാര്‍ഥികള്‍ക്ക് പരിധിയില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടം പുതുക്കില്ലെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. കാമ്പസില്‍ നിന്ന് ജോലി ചെയ്യുന്നത് അന്തര്‍ദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ പരിചയം നേടാനും അവരുടെ ചില ചെലവുകള്‍ നികത്താനും സഹായിക്കുന്നുവെന്നത് സത്യമാണ്.

വിദേശ വിദ്യാര്‍ഥികള്‍ കാനഡയില്‍ എത്തുമ്പോള്‍, ഇവിടെ ജീവിക്കാനായി തയ്യാറെടുക്കണമെന്നും അവര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് വിജയിക്കാന്‍ ആവശ്യമായ പിന്തുണ ലഭിക്കണമെന്നും ആഗ്രഹിക്കുന്നതായും അധികൃതര്‍ പറഞ്ഞു. കാനഡയിലേക്ക് വിദ്യാര്‍ഥികളായി വരുന്ന ആളുകള്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടത് ഇവിടെ പഠിക്കാന്‍ ആയിരിക്കണം. ജോലിയല്ല പ്രധാനമെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പറഞ്ഞു.

2022 ഒക്ടോബറില്‍, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ ഓഫ്-കാമ്പസ് വര്‍ക്ക് അംഗീകാരമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ താല്‍ക്കാലികമായി അനുവദിച്ചിരുന്നു. വരാനിരിക്കുന്ന അക്കാദമിക് സെമസ്റ്റര്‍ മുതല്‍, ക്ലാസുകള്‍ നടക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. ജോലി ചെയ്യാനായി കൂടുതല്‍ സമയം അനുവദിക്കുന്നത് വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി മില്ലര്‍ അഭിപ്രായപ്പെട്ടു.

അതോടൊപ്പം കാനഡയില്‍ ജോലി ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിച്ചേക്കാവുന്ന വിദ്യാര്‍ഥികളെ തടയാനും പുതിയ നിയമം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനായി ചട്ടങ്ങളില്‍ കൂടുതല്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍. പഠനാനുമതി ലഭിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രവിശ്യയില്‍ നിന്ന് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്റര്‍ നേടിയിരിക്കണം.

പഠനകാലത്ത് ജോലി ചെയ്യണമെങ്കില്‍ സ്റ്റഡി പെര്‍മിറ്റ് കൈവശം വെക്കണമെന്നും അക്കാദമിക രംഗത്തും നിലവാരം പുലര്‍ത്തണമെന്നും നിഷ്‌കര്‍ഷിക്കുന്നു. ആഴ്ചയില്‍ 28 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് പ്രകടനത്തില്‍ പ്രകടമായ ഇടിവ് അനുഭവപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ, ആഴ്ചയില്‍ 24 മണിക്കൂറിലധികം ജോലി ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ അവരുടെ കോഴ്‌സുകളില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest News