യുഎസുമായുള്ള വ്യാപാര യുദ്ധത്തിനിടയിൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സാമ്പത്തിക അജണ്ടയിൽ നിർണ്ണായക നടപടി വാഗ്ദാനം ചെയ്തുകൊണ്ട് തന്റെ പുതിയ മന്ത്രിസഭ പുറത്തിറക്കി. 28 മന്ത്രിമാരും 10 സ്റ്റേറ്റ് സെക്രട്ടറിമാരുമുള്ള പുതിയ മന്ത്രിസഭ ചില സുപ്രധാന മാറ്റങ്ങൾ ആണ് പ്രഖ്യാപിക്കുന്നത്. അതിൽ യുഎസ്-കാനഡ ബന്ധം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ വിദേശകാര്യ മന്ത്രിയും ഉൾപ്പെടുന്നുണ്ട്.
“ഈ നിർണായക നിമിഷത്തിനായി ഉദ്ദേശിച്ചുള്ള ഒരു ടീം”, എന്നാണ് കാർണി തന്റെ പുതിയ മന്ത്രിസഭയെ കുറിച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച കഴിഞ്ഞുള്ള പുനഃസംഘടനയിൽ, പരിചിതരായ പേരുകൾക്കൊപ്പം രാഷ്ട്രീയ പുതുമുഖങ്ങളും ഉൾപ്പെടുന്നുണ്ട്.
പുതിയ കാബിനറ്റിൽ 24 പുതുമുഖങ്ങളാണ് ഉള്ളത്. അതിൽ 13 പേർ ആദ്യമായി എം പി മാരാകുന്നവരാണ്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിലെ മെലാനി ജോളി, ക്രിസ്റ്റിയ ഫ്രീലാൻഡ് തുടങ്ങിയ നിരവധി മുൻനിര അംഗങ്ങൾ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. എന്നാൽ ട്രൂഡോ സർക്കാരിനെ വളരെയധികം വിമർശിച്ച പ്രധാന വകുപ്പുകളായ ഭവന, കുടിയേറ്റ, ഊർജ്ജം എന്നിവ ആദ്യമായി മന്ത്രിമാരായവർക്ക് ആണ് നൽകിയിരിക്കുന്നത്. തന്റെ മന്ത്രിസഭയിൽ ലിംഗസമത്വം നിലനിർത്തുക എന്ന ട്രൂഡോയുടെ നയം കാർണിയും തുടരുന്നു.