കാനഡയിലാണ് പ്രശസ്തമായ മൊറൈന്‍ ഗ്ലേഷ്യല്‍ തടാകം സ്ഥിതി ചെയ്യുന്നത്. ബാന്‍ഫ് നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായുള്ള തടാകമാണിത്. വലിപ്പത്തില്‍ ചെറുതായ ഈ തടാകത്തിന്റെ വിസ്തീര്‍ണ്ണം 500 ചതുരശ്ര മീറ്റര്‍ മാത്രമാണ്. പരമാവധി ആഴം 14 മീറ്ററും. വാള്‍ട്ടര്‍ വില്‍കോക്‌സ് എന്ന പര്യവേക്ഷകനാണ് ഈ സവിശേഷമായ പ്രകൃതിദത്ത നാഴികക്കല്ല് കണ്ടെത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒന്നായിരുന്നു അതെന്ന് ശാസ്ത്രജ്ഞന്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വളരെ അപ്രാപ്യമായ പര്‍വതപ്രദേശത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ വളരെക്കാലമായി അതിന്റെ അസ്തിത്വത്തെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല.
നീല ജലാശയം
ഹിമാനികള്‍ ഉരുകുന്ന സമയത്ത് വര്‍ഷം തോറും നിറയുന്ന തടാകത്തിലെ ജലത്തിന് സമ്പന്നമായ നീലക്കല്ലിന്റെ നിറമാണ്. തടാകത്തിന്റെ അടിത്തട്ടില്‍ നടക്കുന്ന പ്രകാശത്തിന്റെ അപവര്‍ത്തനമാണ് അതിശയകരമായ ഈ നീല നിറം സൃഷ്ടിക്കുന്നത്. ചുറ്റുമുള്ള പര്‍വതനിരകളുടെ പശ്ചാത്തലം കൂടിയാകുമ്പോള്‍, തടാകം അതിമനോഹരമായി കാണപ്പെടുന്നു. തടാകം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം ജൂണ്‍ മാസമാണ്. ഈ സമയത്താണ് ഹിമാനികള്‍ അതിതീവ്രമായി ഉരുകുന്നതും. ആ സമയത്ത് തടാകം അതിന്റെ പരമാവധി വലുപ്പത്തിലും എത്തുന്നു.
സന്ദര്‍ശനം
മേയ് മുതല്‍ സെപ്റ്റംബര്‍ വരെ മാത്രമേ സഞ്ചാരികള്‍ക്ക് മൊറൈന്‍ തടാകം സന്ദര്‍ശിക്കാനാകൂ. തടാകത്തില്‍ നിന്ന് അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഒരു ചെറിയ പര്‍വത ഗ്രാമമാണ്. അത് വിനോദയാത്രയുടെ ഭാഗമായി സന്ദര്‍ശിക്കുന്നവരുണ്ട്. ചെറു വള്ളങ്ങളില്‍ മൊറൈന്‍ തടാകത്തിലൂടെ യാത്ര ചെയ്യാനും സൗകര്യമുണ്ട്.