ഖാലിസ്ഥാന്‍ ഭീകരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള തര്‍ക്കം തുടരുന്നതിനിടെ കനേഡിയൻ സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ‘ഇന്ത്യൻ സൈബർ ഫോഴ്‌സ്’ എന്ന ഹാക്കർമാരുടെ സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തതെന്നാണ് വിവരം. അത്സമയം, വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം ശരിയാണെന്ന് പ്രതിരോധ വകുപ്പിലെ മീഡിയ റിലേഷൻസ് മേധാവി ഡാനിയൽ ലെ ബൗത്തിലിയർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സായുധ സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് ഹാക്ക് ചെയ്തത്. പിന്നീട് ഇത് പരിഹരിക്കപ്പെട്ടതായും കനേഡിയന്‍ പ്രതിരോധ വകുപ്പിനെ ഉദ്ധരിച്ച് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ ഹാക്ക് ചെയ്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇന്ത്യൻ സൈബർ ഫോഴ്‌സ് എക്സിലൂടെ അറിയിച്ചു.
“കനേഡിയൻ എയർഫോഴ്‌സ് വെബ്‌സൈറ്റ് നീക്കം ചെയ്‌തു” എന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സൈബർ ഫോഴ്‌സ്, ഇതിന്റെ സ്‌ക്രീൻഷോട്ട് എക്‌സ് പോസ്‌റ്റിലൂടെ പങ്കിടുകയും ചെയ്‌തിരുന്നു. ചില ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് സൈറ്റ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞുങ്കിലും, മിക്ക മൊബൈൽ ഉപകരണങ്ങളിലും ഇത് കിട്ടുന്നുണ്ടായിരുന്നില്ലെന്നാണ് ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടിൽ പറയുന്നത്. എന്നാല്‍ തങ്ങളുടെ സിസ്‌റ്റങ്ങളിൽ കാര്യമായ പ്രശ്‌നങ്ങൾ നേരിട്ടതിന്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലെ ബൗത്തിലിയർ വ്യക്തമാക്കി.