നാസിപ്പടയിൽ സേവനം ചെയ്തയാളെ പാര്‍ലമെന്‍റില്‍ ആദരിച്ചതിൽ മാപ്പ് പറഞ്ഞ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ആന്റണി റോട്ട. നാസി വിമുക്തഭടനെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ ആദരിച്ചത് വിവാദമായതോടെയാണ് ജൂതസമൂഹത്തോട് സ്പീക്കര്‍ പരസ്യമായി മാപ്പ് പറഞ്ഞത്. കാനഡയുടെ പ്രതിപക്ഷനേതാവായ പിയറി പൊയ്‌ലിവര്‍, ട്രൂഡോയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു മാപ്പ് പറച്ചില്‍.
യുക്രൈൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കി കനേഡിയൻ പാർലമെന്റ് സന്ദർശിച്ച വേളയിലായിരുന്നു നാസി വിമുക്തഭടനെ ട്രൂഡോയും സ്പീക്കറും ആദരിച്ചത്. സെലൻസ്കി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നത് കേൾക്കാനെത്തിയ അതിഥികൾക്കൊപ്പം ക്ഷണിതാവായി വിമുക്തഭടനായ 98 വയസ്സുള്ള യാരൊസ്ലാവ് ഹുങ്കയുമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസിപ്പടകളിൽ ഒന്നായിരുന്ന 14 -ാം ഗ്രെനേഡിയർ ഡിവിഷനിലെ അംഗമായിരുന്നു ഇദ്ദേഹം.
സെലൻസ്കിയുടെ പ്രസംഗത്തിനുശേഷം സ്പീക്കർ റോട ഇദ്ദേഹത്തെ ആദരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് യുക്രൈന്റെ സ്വാതന്ത്ര്യത്തിനായി റഷ്യക്കാരോടു പോരാടിയ വ്യക്തിയാണ് ഹുങ്ക എന്ന് സ്പീക്കര്‍ പറഞ്ഞു. ‘കാനഡയുടെ ഹീറോ’ എന്നുവിളിച്ച് ഹുങ്കയുടെ സേവനങ്ങൾക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു. പ്രധാനമന്ത്രി ട്രൂഡോയും പ്രസിഡന്റ് സെലൻസ്കിയും പാർലമെന്റംഗങ്ങളും എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. പിന്നാലെയാണ് ഗുരുതരമായ തെറ്റുപറ്റിയെന്ന് ആരോപിച്ച് പിയറി രംഗത്തെത്തിയത്. ഇതേ തുടര്‍ന്നാണ് ജൂതസമൂഹത്തോട് മാപ്പ് പറയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചത്.