ട്രംപിന്റെ പരിഷ്ക്കാരങ്ങൾ മൂലം കനേഡിയൻ സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന വിദ്യാർഥികൾ കനേഡിയൻ സർവകലാശാലകളിൽ അപേക്ഷിക്കുകയോ, അതിർത്തിക്ക് വടക്ക് പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സർവകലാശാലകൾക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുകയും വിദേശ വിദ്യാർഥി വിസകൾ റദ്ദാക്കുകയും ചെയ്തതിനാലാണ് വിദ്യാർഥികളുടെ ഈ നീക്കം.
കഴിഞ്ഞ വർഷത്തെ അപേക്ഷകരെയും ഈ വർഷത്തെ അപേക്ഷകരെ താരതമ്യപ്പെടുത്തിയപ്പോഴാണ് മാർച്ച് ഒന്നുവരെ 27% വർധനവ് റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയുടെ (യു ബി സി) വാൻകൂവർ കാമ്പസിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. സെപ്റ്റംബറിൽ പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്ന യു എസ് വിദ്യാർഥികളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുകയും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള യു എസ് പൗരന്മാരുടെ പ്രവേശനം അനുവദിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും വലിയ വിദ്യാർഥി സർവകലാശാലയായ ടൊറന്റോ സർവകലാശാലയിൽ ഈ വർഷം നിരവധി യു എസ് അപേക്ഷകൾ വന്നതായി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം വാട്ടർലൂ സർവകലാശാലയുടെ വക്താവ് കാമ്പസിലേക്കുള്ള യു എസ് സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടായതായും സെപ്റ്റംബർ മുതൽ യു എസിൽ നിന്നുള്ള വെബ് ട്രാഫിക് വർധിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യു ബി സി വാൻകൂവറിന്റെ പ്രൊവോസ്റ്റും അക്കാദമിക് വൈസ് പ്രസിഡന്റുമായ ഗേജ് അവെറിൽ, യു എസ് അപേക്ഷകളിലെ വർധനവിനു കാരണം ട്രംപ് ഭരണകൂടം വിദേശ വിദ്യാർഥികളുടെ വിസ പെട്ടെന്ന് റദ്ദാക്കിയതാണെന്ന് പറയുന്നു.