സംസ്ഥാനത്തിനു പുറത്തുനിന്നു കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള നാല് കരാറുകൾ സർക്കാർ പുനഃസ്ഥാപിച്ചു. യൂണിറ്റിന് 4.29 രൂപയ്ക്കു വൈദ്യുതി ലഭിക്കുന്ന കരാറുകൾ നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മുൻപ് റദ്ദാക്കിയിരുന്നു. ഈ കരാറുകൾ ആണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുക.
കഴിഞ്ഞ മെയ് മാസത്തിൽ റദ്ദാക്കിയ ഈ പദ്ധതികൾക്ക് സംസ്ഥാനത്തിന്റെ അഭ്യർഥനയെത്തുടർന്ന് കമ്മിഷൻ അനുമതി നൽക്കുകയായിരുന്നു. ഉൽപാദക കമ്പനികൾ കരാറനുസരിച്ച് ഉടൻ വൈദ്യുതി കൊടുത്തു തുടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. ജാബുവ പവർ (115 മെഗാവാട്ടിന്റെയും 100 മെഗാവാട്ടിന്റെയും 2 കരാറുകൾ), ജിൻഡാൽ പവർ (150 മെഗാവാട്ട്), ജിൻഡാൽ ഇന്ത്യ തെർമൽ പവർ (100 മെഗാവാട്ട്) എന്നീ കമ്പനികളുമായുള്ള കരാർ ആണ് പുനഃസ്ഥാപിച്ചിരിക്കുന്നത്.
കമ്മിഷന്റെ ഉത്തരവ് കമ്പനികൾ അനുസരിക്കുന്നുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനും വൈദ്യുതി ബോർഡിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. ഉത്തരവ് ലംഘിക്കുന്ന കമ്പനികളെ വിലക്കു പട്ടികയിൽ പെടുത്തുന്നതിനു നടപടി സ്വീകരിക്കാൻ സാധിക്കും.