Sunday, November 24, 2024

സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകളും അവയുടെ പത്തു ലക്ഷണങ്ങളും

ലോക വനിതാ ദിനത്തോടനുബന്ധിച്ച്, സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത് നല്ലതാണ്.

സ്ത്രീകളിലെ കാന്‍സര്‍ അഥവാ ഗൈനക്കോളജിക്കല്‍ കാന്‍സര്‍

ഗൈനക്കോളജിക്കല്‍ കാന്‍സറുകളുടെ ലിസ്റ്റില്‍, സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകളും സ്തനാര്‍ബുദവുമാണ് ഉള്‍പ്പെടുന്നത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സര്‍ സ്തനാര്‍ബുദം ആണ്. ഓരോ നാലു മിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം കണ്ടുപിടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദം സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നതെങ്കിലും കുറച്ചു ശതമാനം പുരുഷന്മാരിലും അത് കാണപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ സ്തനാര്‍ബുദത്തെ സത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറായിട്ട് കാണാന്‍ സാധിക്കില്ല.

സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ആറു കാന്‍സറുകള്‍/ ഗൈനക് കാന്‍സറുകള്‍

സ്തനാര്‍ബുദത്തെക്കുറിച്ച് ധാരാളം അറിവുകള്‍ നമുക്ക് ലഭ്യമാണ്. അതിനാല്‍, സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ആറു കാന്‍സറുകളെക്കുറിച്ചു മാത്രമാണ് നമ്മള്‍ ഈ ലേഖനത്തില്‍ കാണുന്നത്. ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയ ഗള കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, വജൈനല്‍ കാന്‍സര്‍, വള്‍വല്‍ കാന്‍സര്‍ എന്നീ അഞ്ച് കാന്‍സറുകളാണ് ഗൈനക് കാന്‍സറുകള്‍ എന്ന് അറിയപ്പെടുന്നത്. ആറാമതായി ഫലോപ്പിയന്‍ ട്യൂബ് കാന്‍സര്‍ എന്ന ഒരു കാന്‍സറും ഈ വിഭാഗത്തില്‍പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം, സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകളാണ്. അതായത്, റിപ്രൊഡക്ഷനു വേണ്ടി ഉപയോഗപ്പെടുന്ന അവയവങ്ങളില്‍ കാണപ്പെടുന്ന കാന്‍സറുകള്‍! അവയെക്കുറിച്ചാണ് ലൈഫ് ഡേ ഈ വനിതാ ദിനത്തില്‍ പ്രതിപാദിക്കുന്നത്.

ഗൈനക് കാന്‍സറുകള്‍ നല്‍കുന്ന ദുരിതാവസ്ഥ

ഗൈനക് കാന്‍സറുകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഓവറി, എന്‍ഡോമെട്രിയം, സെര്‍വിക്സ് എന്നിവയ്ക്കെല്ലാം പലപ്പോഴും ചികിത്സ പരാജയപ്പെടാറുള്ള ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. കാരണം അവ കണ്ടുപിടിക്കുന്നത് മിക്കപ്പോഴും കൂടിയ സ്റ്റേജിലായിരിക്കും. ആ സമയമാകുമ്പോഴേക്കും അസുഖം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നുപോകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതില്‍ കൂടുതല്‍ വയറിനുള്ളിലും പെല്‍വിസിനുള്ളിലുമായിട്ട് (വസ്തിപ്രദേശം/ ഇടുപ്പ്) ഈ അസുഖം ഇങ്ങനെ നില്‍ക്കും. അങ്ങനെ വരുമ്പോള്‍ ഇവരുടെ ജീവിതത്തിന്റെ അവസാനഘട്ടം വളരെ ദുരിതപൂര്‍ണ്ണമായിരിക്കും. അതുകൊണ്ടാണ് ഗൈനക് കാന്‍സറിനെക്കുറിച്ച് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ് എന്നു പറയുന്നത്. അതായത്, ഇത് നേരത്തെ കണ്ടുപിടിക്കുക, നേരത്തെ ചികിത്സിക്കുക. അപ്പോഴേ നമുക്ക് ഈ ദുരിതാവസ്ഥ ഒഴിവാക്കാന്‍ പറ്റൂ. മരണം നമുക്ക് തടയാന്‍ പറ്റിയില്ലെങ്കിലും അവസാനമുള്ള വേദനയും സഹനവും നമ്മള്‍ നേരത്തെ ചികിത്സിക്കുകയാണെങ്കില്‍, ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

ഇത് എല്ലായ്പ്പോഴും നമുക്ക് പറ്റിയെന്നു വരില്ല. കാരണം രോഗം കണ്ടുപിടിക്കുന്നത് വളരെ താമസിച്ചയിരിക്കും. പലപ്പോഴും ഓവേറിയന്‍ കാന്‍സറൊക്കെ അറിയുമ്പോഴേക്കും സ്റ്റേജ് 3-സി -യില്‍ രോഗി എത്തിയിരിക്കും. അതു സംഭവിക്കാതിരിക്കാന്‍ ഇത്തരം കാന്‍സറുകളുടെ ലക്ഷണങ്ങള്‍ കാണുമ്പോഴേ ചികിത്സ തുടങ്ങുക എന്നതു മാത്രമാണ് പ്രതിവിധി. നേരത്തെ രോഗം കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ നേരത്തെ ചികിത്സ ആരംഭിച്ച്, വേദനയും സഹനവും ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അതാണ് ഇതിന്റെ ഏറ്റവും വലിയ വനിതാ ദിനത്തിലെ പ്രസക്തി.

സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട (സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന) പത്ത് കാന്‍സര്‍ ലക്ഷണങ്ങള്‍

1. അസാധാരണമായ വജൈനല്‍ രക്തസ്രാവം (Abnormal Vaginal Bleeding)

90% ഗര്‍ഭാശയ കാന്‍സറുകളിലും ഇടവിട്ട് രക്തസ്രാവമോ, സ്പോട്ടിംഗോ ആണ് രോഗലക്ഷണം. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിനു ശേഷം. ആര്‍ത്തവ വിരാമത്തിനു ശേഷമുണ്ടാകുന്ന സ്പോട്ടിംഗ് പോലും പരിശോധനക്കു വിധേയമാക്കണം. ഇനി ആര്‍ത്തവ വിരാമം എത്താത്തവരിലും പീരിയഡിനിടയില്‍ രക്തസ്രാവം ഉണ്ടാവുകയോ, പീരിയഡ് സമയത്ത് അധിക രക്തസ്രാവം വരികയോ ചെയ്യുന്നത് ഗര്‍ഭാശയ ഗള കാന്‍സറിന്റയോ, വജൈനല്‍
കാന്‍സറിന്റെയോ ലക്ഷണമാവാം.

2. വിശദീകരിക്കാന്‍ പറ്റാത്ത തൂക്കക്കുറവ് ഉണ്ടാവുക (Unexplained Weight Loss)

അതായത്, ഭക്ഷണം കുറക്കുകയോ അല്ലെങ്കില്‍ വ്യായാമം ചെയ്യുകയോ കൂടാതെ ശരീരഭാരം കുറയുക. എന്നുവച്ചാല്‍, ശരീരഭാരം അഞ്ചു ശതമാനത്തില്‍ കൂടുതല്‍ ആറു മാസത്തിനുള്ളില്‍ കുറഞ്ഞാല്‍ അത് ശ്രദ്ധിക്കപ്പെടേണ്ടതാണ് എന്നു സാരം. പ്രധാനമായും അണ്ഡാശയ കാന്‍സര്‍ ആണ് ഇതിനു കാരണമാകുക.

3. രക്തം കലര്‍ന്നതോ, ബ്രൗണ്‍ നിറത്തിലോ അല്ലെങ്കില്‍ ദുര്‍ഗന്ധമുള്ളതോ ആയ വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുക

പ്രധാനമായും അണുബാധയാണ് ഇതിനു കാരണമെങ്കിലും ഗര്‍ഭാശയ കാന്‍സര്‍, ഗര്‍ഭാശയ ഗള കാന്‍സര്‍, വജൈനല്‍ കാന്‍സര്‍ എന്നിവയുടെ അപകടസൂചനകളല്ല എന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തണം.

4. നിരന്തരമായ ക്ഷീണം

കൂടുതല്‍ ക്ഷീണം നിങ്ങളുടെ ജോലിസമയത്തോ അല്ലെങ്കില്‍ ഒഴിവുസമയത്തു പോലും അനുഭവപ്പെട്ടാല്‍ നിങ്ങളുടെ ജോലിക്കൂടുതലിനെയോ, കാലാവസ്ഥയെയോ, ഭക്ഷണത്തെയോ പഴിക്കാതെ പരിശോധനക്കു വിധേയമാക്കണം.

5. വിശപ്പില്ലായ്മ അല്ലെങ്കില്‍ എപ്പോഴും വയറു നിറഞ്ഞിരിക്കുന്നതു പോലെ തോന്നുക

അണ്ഡാശയ കാന്‍സറിന്റെ ഏക ലക്ഷണമാണ് ഈ പറഞ്ഞവ. പുറമേക്കു നമ്മള്‍ ബാക്കി എല്ലാ കാര്യത്തിലും നോര്‍മല്‍ ആണ് എന്നത് പോലെയായിരിക്കും തോന്നുക.

6. അടിവയറ്റിലോ അല്ലെങ്കില്‍ വയറു മുഴുവനോ അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത

ചിലര്‍ ഇതിനെ ഗ്യാസ്, ദഹനക്കേട്, വയറില്‍ കൊളുത്തു വീഴുക എന്നും പറയാറുണ്ട്. ചിലര്‍ ഇതിനെ വയറില്‍ വീര്‍പ്പുമുട്ടലാണ് എന്നും പറയാറുണ്ട്. അണ്ഡാശയ കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഇങ്ങനെയാണ് അനുഭവപ്പെടാറ്.

7. ബാത്ത് റൂം ശീലങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍

കൂടെക്കൂടെ മൂത്രമൊഴിക്കണമെന്നു തോന്നുക, പൂര്‍ണ്ണമായും മൂത്രം പോയില്ല എന്നു തോന്നുക, അകത്ത് എന്തോ ഭാരം പോലെ തോന്നുക എന്നിവയും ഗൈനക് കാന്‍സറുകളുടെ ലക്ഷണങ്ങളാണ്.

8. പുതുതായി അനുഭവപ്പെടുന്ന നീണ്ടുനില്‍ക്കുന്ന ദഹനക്കേട്, മനംപുരട്ടല്‍, ഓക്കാനം എന്നിവയും പലപ്പോഴും അണ്ഡാശയ കാന്‍സറിന്റെ ലക്ഷണമാണ്.

9. മലശോധനയില്‍ പെട്ടെന്ന് വ്യതിയാനങ്ങള്‍ ഉണ്ടാവുക (Change in bowel Habits)

മലബന്ധം, മലശോധനയുടെ സമയത്ത് വേദനയുണ്ടാവുക, പൂര്‍ണ്ണമായും മലം പോയിത്തീര്‍ന്നില്ല എന്ന തോന്നലുണ്ടാവുക എന്നിവയും വിവിധ ഗൈനക് കാന്‍സറുകളുടെ ലക്ഷണമാണ്.

10. ഗുഹ്യഭാഗത്ത് (Vulval Area) രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍, നീറ്റല്‍ എന്നിവയോടൊപ്പം ഗുഹ്യഭാഗത്ത് തൊലി പോവുക, കരിയാത്ത മുറിവുണ്ടാവുക, അരിമ്പാറ പോലെയുള്ള മുഴകളുണ്ടാവുക എന്നിവ കാന്‍സര്‍ ലക്ഷണമായാണ് കരുതപ്പെടുന്നത്. ഗുഹ്യഭാഗത്ത് സ്പര്‍ശിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, ലൈംഗികബന്ധത്തോടൊപ്പം വേദന അനുഭവപ്പെടുക എന്നിവയും ചില ഗൈനക് കാന്‍സറുകളുടെ ലക്ഷണമാണ്.

ഇതില്‍ പറഞ്ഞ ഒന്നോ, രണ്ടോ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് കാന്‍സറാണ് എന്ന് തെറ്റിധരിക്കേണ്ട കാര്യമില്ല. എന്നാല്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സമയം കളയാതെ ഒരു വൈദ്യപരിശോധന നടത്തി രോഗനിര്‍ണ്ണയം നടത്തി കാന്‍സര്‍ അല്ല എന്ന് ഉറപ്പിക്കണം.

സ്ത്രീകളില്‍ മാത്രമല്ല എങ്കിലും സ്ത്രീകളില്‍ കണക്കനുസരിച്ച് ഗര്‍ഭാശയ ഗള കാന്‍സര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതലും എന്നാല്‍ കേരളത്തിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതുമായ സ്തനാര്‍ബുദ ലക്ഷണം കൂടി ഇതില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഈ ലിസ്റ്റ് അപൂര്‍ണ്ണമായി പോകും. പലപ്പോഴും സ്ത്രീകള്‍ തന്നെയാണ് സ്തനാര്‍ബുദം കണ്ടുപിടിക്കുന്നത്.

11. സ്തനങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍

പ്രത്യേകിച്ച് 30 വയസിനു ശേഷം സ്തനങ്ങളിലോ, ആര്‍മംപിറ്റിലോ ഉണ്ടാകുന്ന വേദനരഹിത മുഴകള്‍, സ്തനചര്‍മ്മം കട്ടി പിടിക്കല്‍, വലിപ്പ വ്യത്യാസം ഉണ്ടാകല്‍, നിപ്പിളിലെ തൊലി പോകല്‍, നിപ്പിള്‍ അകത്തേക്കു വലിയല്‍, നിപ്പിളില്‍ ചൊറിച്ചില്‍ അനുഭവപ്പെടല്‍ എന്നിവയാണ് സാധാരണ സ്തനാര്‍ബുദ ലക്ഷണങ്ങള്‍.

ഗൈനക്കോളജിക്കല്‍ കാന്‍സറുകള്‍ എങ്ങനെയാണ് കണ്ടുപിടിക്കുക

വിശദമായ ഒരു ക്ലിനിക്കല്‍ പരിശോധന വഴി ഗര്‍ഭാശയ ഗള കാന്‍സര്‍, വജൈനല്‍ കാന്‍സര്‍, വള്‍വല്‍ കാന്‍സര്‍ എന്നിവ കണ്ടുപിടിക്കാന്‍ സാധിക്കും. അള്‍ട്രാസൗണ്ട് പരിശോധന, D&C എന്ന ചെറിയ ഓപ്പറേഷന്‍ എന്നിവയാണ് ഗര്‍ഭാശയ കാന്‍സറുകള്‍ സ്ഥിരീകരിക്കാന്‍ പ്രയോജനപ്പെടുത്തുക. ചില ട്യൂമര്‍ മാര്‍ക്കുകള്‍ അള്‍ട്രാസൗണ്ട് പരിശോധനയും അണ്ഡാശയ കാന്‍സര്‍ സ്ഥിരീകരിക്കാന്‍ സാധിക്കും. എന്നാല്‍ ചികിത്സ തുടങ്ങും മുന്‍പ് ബയോപ്സി ചെയ്ത് രോഗസ്ഥിരീകരണം അത്യാവശ്യമാണ്.

രോഗവ്യാപ്തി നിര്‍ണ്ണയം

സി.റ്റി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, പി.ഇ.റ്റി സ്‌കാന്‍ എന്നിവയാണ് രോഗവ്യാപ്തി നിര്‍ണ്ണയത്തിന് പ്രയോജനപ്പെടുത്തുക.

ഗൈനക്കോളജിക്കല്‍ കാന്‍സര്‍ ചികിത്സ

പ്രാരംഭദശയിലുള്ള എല്ലാ ഗൈനക്കോളജിക്കല്‍ കാന്‍സറുകള്‍ക്കും പരിഹാരം സര്‍ജറി വഴി അവ നീക്കം ചെയ്യുക എന്നതാണ്. ഗര്‍ഭാശയ ഗള കാന്‍സര്‍, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവക്ക് പലപ്പോഴും റേഡിയേഷന്‍ ചികിത്സ ആവശ്യമായി വന്നേക്കാം.

അണ്ഡാശയ കാന്‍സറുകളുടെ ചികിത്സയില്‍ ഏറ്റവും പ്രധാനം കൃത്യതയോടെ നടത്തപ്പെടുന്ന സര്‍ജറിയാണ്. അതിനാല്‍ ജെനറ്റിക് ടെസ്റ്റിംഗ് വഴി കാന്‍സര്‍ സാധ്യത നിര്‍ണ്ണയിക്കുകയും ചികിത്സ നേടുകയും വഴി ഈ കാന്‍സര്‍ നമുക്ക് തടയാന്‍ സാധിക്കും.

ഏറ്റവും പ്രധാനം നമ്മള്‍ നേരത്തെ പറഞ്ഞ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉപേക്ഷ വിചരിക്കാതെ മെഡിക്കല്‍ ചെക്കപ്പിന് വിധേയമാകുക എന്നതാണ്.

അവസാനമായി, ഗൈനക്കോളജിക്കല്‍ കാന്‍സര്‍ അല്ലായെങ്കിലും സ്ത്രീകളിലെ ഏറ്റവും സാധാരണമായ സ്തനാര്‍ബുദം തടയുന്നതിനെക്കുറിച്ച് ഒരു വാക്ക്. ഇപ്പോള്‍ പറഞ്ഞ ഗൈനക് കാന്‍സറുകളെപ്പോലെ അമിതവണ്ണം ഒഴിവാക്കുകയും കൃത്യമായ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്താല്‍ സ്തനാര്‍ബുദത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കും . സ്വയം സ്തനപരിശോധന എല്ലാ മാസവും ചെയ്യുന്നതു വഴിയും 40 വയസിനു ശേഷം രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാമ്മോഗ്രാം ചെയ്യുക വഴിയും സ്തനാര്‍ബുദം രോഗലക്ഷണം ഉണ്ടാകുന്നതിനു മുമ്പേ കണ്ടുപിടിക്കാനും ചികിത്സിച്ച് ഭേദപ്പെടുത്താനും സാധിക്കും.

ഗൈനക്കോളജിക്കല്‍ കാന്‍സറിന് ഓങ്കോളജി സര്‍ജനെ കൊണ്ട് സര്‍ജറി ചെയ്യിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൃത്യമായ സര്‍ജറിക്കു ശേഷം അണ്ഡാശയ കാന്‍സറിന് കീമോ തെറാപ്പിയും ആവശ്യമാണ്. അതിനാല്‍ ഈ രണ്ടു ചികിത്സയും പൂര്‍ണ്ണമായി ചെയ്യുകയാണെങ്കില്‍ മാത്രമേ രോഗമുക്കി സാധ്യമാകൂ.

ഡോ. ജോജോ വി. ജോസഫ്

 

Latest News