മാര്‍ത്താണ്ഡത്തിനടുത്ത് നാട്ടാലത്തു ജനിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം 15ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ച് നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിനുശേഷം തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയില്‍ കൃതജ്ഞതാ ദിവ്യബലിയും ഉണ്ടായിരിക്കും.
വിശുദ്ധപദ പ്രഖ്യാപനത്തിനു മുന്നോടിയായി 12, 13, 14 തീയതികളില്‍ കോട്ടാര്‍, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കും. ജൂണ്‍ അഞ്ചിന് കാറ്റാടിമലയില്‍ നടക്കുന്ന കൃതജ്ഞതാബലിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രതിനിധി ലിയോപോള്‍ഡോ ഗിറേല്ല മുഖ്യകാര്‍മികനായിരിക്കും.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഗോവ ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ, മദ്രാസ്-മൈലാപ്പുര് ആര്‍ച്ച്ബിഷപ് ഡോ. ജോര്‍ജ് ആന്റണിസ്വാമി, കോട്ടാര്‍ ബിഷപ് ഡോ. നസ്രേന്‍ സുസൈ, മധുരൈ ആര്‍ച്ച്ബിഷപ് ഡോ. ആന്റണി പപ്പുസ്വാമി തുടങ്ങിയവര്‍ പങ്കെടുക്കും.