Thursday, November 21, 2024

എണ്ണൂറ് വർഷം പിന്നിട്ട് വി. ഫ്രാൻസിസ് അസീസിയുടെ ‘കാന്റിക്കിൾ ഓഫ് ക്രീച്ചേർസ്’

വി. ഫ്രാൻസിസ് അസീസിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥത്തിന്റെ പഴയ പകർപ്പായ ‘കാന്റിക്കിൾ ഓഫ് ക്രീച്ചേർസ്’ അതിന്റെ രചനയുടെ എണ്ണൂറാം വാർഷികം ആഘോഷിക്കുന്നു. ‘കാന്റിക്കിൾ ഓഫ് ക്രീച്ചേർസ്’ ഉൾപ്പെടെ അസീസിയിലെ ലൈബ്രറിയിൽ നിന്നുള്ള എല്ലാ സൃഷ്ടികളും ഒക്ടോബർ രണ്ടുമുതൽ 2025 ജനുവരി ആറുവരെ റോമിലെ മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്.

1224 ൽ രചിക്കപ്പെട്ട ഈ ചരിത്രഗ്രന്ഥം ഇറ്റാലിയൻ സാഹിത്യത്തിലെ ആദ്യകാല കൃതികളിൽ ഉൾപ്പെടുന്നതാണ്. സൂര്യൻ, ചന്ദ്രൻ, കാറ്റ്, വെള്ളം എന്നിവ ഉൾപ്പെടെ സൃഷ്ടിയുടെ വിവിധ വശങ്ങളെ പ്രകീർത്തിക്കുന്ന 23 വാക്യങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

അസീസിയിലെ ലൈബ്രറിയിൽനിന്നുള്ള 93 അപൂർവ പുസ്തകങ്ങളും കൃതികളും ഉൾക്കൊള്ളുന്ന പ്രദർശനം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, ധാതുക്കൾ, ഭൂമിശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളുമായുള്ള ഫ്രാൻസിസ്കൻ ഓർഡറിന്റെ നൂറ്റാണ്ടുകൾ നീണ്ട ഇടപഴകലിനെ എടുത്തുകാണിക്കുന്നു. പ്രദർശനത്തിന്റെ ക്യൂറേറ്റർ ഡോ. പൗലോ കാപ്പിറ്റാനുച്ചി ഒമ്പതു വിഭാഗങ്ങളുള്ള പ്രദർശനം ഒരു വൃക്ഷത്തോടു സാമ്യമുള്ള രീതിയിൽ രൂപകല്പന ചെയ്‌തു. ഇത് കാന്റിക്കിളിന്റെ പ്രചോദനത്തെയും ദാർശനികവും ദൈവശാസ്‌ത്രപരവുമായ വേരുകളെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നു.

ഇറ്റാലിയൻ സാഹിത്യത്തിലും ആത്മീയതയിലും ശാശ്വതമായ ഒരു പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് വി. ഫ്രാൻസിസ് അസീസി തന്റെ മരണത്തിന് രണ്ടുവർഷം മുൻപാണ് ഈ കാന്റിക്കിൾ എഴുതിയത്. നൂറ്റാണ്ടുകൾക്കിപ്പുറവും അദ്ദേഹത്തിന്റെ കാവ്യഗ്രന്ഥത്തിന്റെ പ്രശസ്തി ഒട്ടും കുറയാതെ നിലകൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News