Sunday, November 24, 2024

റഷ്യന്‍ സൈനിക ശക്തിയുടെ പ്രതീകമായി പിടിച്ചെടുത്ത അമേരിക്കന്‍ – ബ്രിട്ടീഷ് ടാങ്കുകള്‍ മോസ്‌കോ തെരുവുകളില്‍ പ്രദര്‍ശിപ്പിച്ച് പുടിന്‍

റഷ്യന്‍ സൈനിക ശക്തിയുടെ പ്രതീകമായി റഷ്യ പിടിച്ചെടുത്ത അമേരിക്കന്‍, ബ്രിട്ടീഷ് ടാങ്കുകള്‍ വ്ളാഡിമിര്‍ പുടിന്‍ മോസ്‌കോയില്‍ പ്രദര്‍ശിപ്പിക്കുന്നു. ‘ഞങ്ങളുടെ വിജയം അനിവാര്യമാണ്’ എന്നെഴുതിയ ചുവന്ന ബാനറുകളുമായാണ് പ്രദര്‍ശനം നടക്കുന്നത്. ഉക്രെയ്‌നില്‍ നിന്ന് പിടിച്ചടക്കിയ വാഹനങ്ങളാണ് പ്രദര്‍ശനത്തിന്റെ മുന്‍ നിരയിലുള്ളത്.

മോസ്‌കോയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമാണ് ഒരുക്കിയിരിക്കുന്നത്. റഷ്യന്‍ തലസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ കൂട്ടത്തില്‍, 2015ല്‍ ഉക്രെയ്നിന് ബ്രിട്ടന്‍ നല്‍കിയെന്ന് കരുതപ്പെടുന്ന കവചിത പേഴ്സണല്‍ കാരിയറായ സാക്‌സണും ഉള്‍പ്പെടുന്നു. ഒരു അമേരിക്കന്‍ ബ്രാഡ്ലി ടാങ്ക്, ഒരു സ്വീഡിഷ് CV90, ഫ്രഞ്ച് നിര്‍മ്മിത AMX-10RC കവചിത യുദ്ധ വാഹനം തുടങ്ങിയവയെല്ലാം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉക്രെയ്നിലെ സംഘര്‍ഷത്തിനിടെ പിടിച്ചെടുത്തവയാണ് ഇവയില്‍ പലതും.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന്റെ മഹത്വവല്‍ക്കരണമാണ് പുടിന്റെ ഈ പ്രദര്‍ശനത്തിന് പിന്നിലെ ഉദ്ദേശം. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ റഷ്യയുടെ വിജയത്തെ അനുസ്മരിക്കുന്ന വാര്‍ഷിക പരിപാടി മെയ് 9 ന് മോസ്‌കോയില്‍ നടക്കുന്നുണ്ട്. റെഡ് സ്‌ക്വയറില്‍ നടക്കുന്ന ഈ വിക്ടറി ഡേ പരേഡിലും പ്രദര്‍ശനം ഭാഗമാകും.

Latest News