ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ ഉത്തരാഖണ്ഡിലെ റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
ദേശീയ പാത 58 ൽ വച്ച് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ പന്ത് മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. അപകടത്തിന് പിന്നാലെ റൂർക്കിയിലെ സിവിൽ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചിരുന്നു. പ്രഥമിക ചികിത്സക്ക് ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം താരത്തിൻറെ തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ ദില്ലി എയിംസിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.