Sunday, April 20, 2025

കർദിനാൾ ആഞ്ചലോ അമാത്തോ അന്തരിച്ചു

വിശുദ്ധരുടെ നാമകരണ ചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററി മുൻ അധ്യക്ഷനും സലേഷ്യൻ സഭംഗവുമായ കർദിനാൾ ആഞ്ചലോ അമാത്തോ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇറ്റലിക്കാരനായ കർദിനാൾ അമാത്തോ, വിശ്വാസ തിരുസംഘത്തിന്റെ സെക്രെട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2002 ഡിസംബർ 19 ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കർദിനാൾ ആഞ്ചലോ അമാത്തോയെ വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായും സീലയുടെ സ്ഥാനിക ആർച്ചുബിഷപ്പായും നിയമിച്ചത്. തുടർന്ന് 2008 ജൂലൈ ഒമ്പതിന് ബെനഡിക്ട് പതിനാറാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധരുടെ നാമകരണ ചടങ്ങുകളുമായി ബന്ധപ്പെട്ട ഡികാസ്റ്ററിയുടെ അധ്യക്ഷനായി നിയമിക്കുകയായിരുന്നു. 2010 നവംബർ 20 നു നടന്ന കൺസിസ്റ്ററിയിൽ മുൻ കത്തോലിക്കാ സഭാധ്യക്ഷൻ അദ്ദേഹത്തെ കർദിനാളായി ഉയർത്തി. 2013 ഡിസംബർ 19 ന് ഫ്രാൻസിസ് പാപ്പ കർദിനാൾ അമാത്തോയുടെ ഡികാസ്റ്ററിയിലെ സ്ഥാനം തുടരാൻ നിർദേശിച്ചതിനെത്തുടർന്ന് 2018 വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയായിരുന്നു.

1938 ജൂൺ എട്ടിന് തെക്കൻ ഇറ്റലിയിലുള്ള ബാരിയിലെ മൊൾഫെത്തയിലാണ് കർദിനാൾ ആഞ്ചലോ അമാത്തോ ജനിച്ചത്. സലേഷ്യൻ സഭംഗമായ അദ്ദേഹം 1962 ൽ നിത്യവ്രത വാഗ്ദാനം നടത്തുകയും 1967 ഡിസംബർ 22 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്‌തു. സലേഷ്യൻ യൂണിവേഴ്സിറ്റി മുൻ ഡീൻ കൂടിയായ കർദിനാൾ അമാത്തോ, മുൻപ് വിശ്വാസ തിരുസംഘം, ക്രൈസ്തവ ഐക്യത്തിനും മതാന്തര സംവാദങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററി എന്നിവയുടെ കൂടിയാലോചനാംഗമായും അന്താരാഷ്ട്ര മരിയൻ അക്കാദമിയുടെ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ സെക്രട്ടറിയായി 1999 ൽ നിയമിതനായ അദ്ദേഹം, 2000 ലെ മഹാജൂബിലിയുടെ ദൈവശാസ്ത്ര – ചരിത്ര കമ്മീഷനുകളുടെ ഭാഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Latest News