ഇന്ന് നടക്കുന്ന ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. പതിനാറാം നൂറ്റാണ്ടിലാണ് അവസാനമായി ഒരു കർദ്ദിനാൾ ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുത്തത്. അതിനു ശേഷം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഒരു ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണത്തിൽ ഒരു കർദ്ദിനാൾ പങ്കെടുക്കുന്നത് ഇതാദ്യമാണ്.
കത്തീഡ്രലിനുള്ളിൽ നടക്കുന്ന ചടങ്ങിൽ വെസ്റ്റ്മിൻസ്റ്റർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസും പങ്കെടുക്കും. ഇംഗ്ലണ്ടിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് മിഗ്വൽ മൗറി ബ്യൂണ്ടിയയും ചടങ്ങിൽ സംബന്ധിക്കും. 2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജകുമാരൻ രാജാവായി സ്ഥാനമേൽക്കുന്നത്.
മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും കത്തോലിക്കാ കർദിനാൾ വിൻസന്റ് നികോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള മത പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും മറ്റും ഇവർ ചേർന്നാണു സമ്മാനിക്കുക.