കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയെ കല്‍ദായ കത്തോലിക്കാ സഭയുടെ തലവനായി അംഗീകരിച്ച് ഇറാഖ് പ്രസിഡന്റ്. ഇറാഖിലെ ഉന്നത ക്രിസ്ത്യന്‍നേതാവും 2021-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശനത്തിന്റെപിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമായ കര്‍ദിനാള്‍ സാക്കോ, ഇറാഖി സര്‍ക്കാരിനും അതിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനുമിടയിലുള്ള ഒരു പ്രധാന സംഭാഷകനാണ്.
പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് റാഷിദ് അദ്ദേഹത്തെ കല്‍ദായസഭയുടെ തലവനായി അംഗീകരിച്ച ഉത്തരവ് റദ്ദാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സാക്കോ, ബാഗ്ദാദ് വിട്ട് വടക്കന്‍ ഇറാഖിലെ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്ഥാന്‍ മേഖലയില്‍ സ്ഥിരതാമസമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 11-ന്, പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയുടെ ഉത്തരവുപ്രകാരം സാക്കോയെ സഭയുടെ നേതാവായി വീണ്ടും നാമകരണം ചെയ്തു.
ഇതേതുടര്‍ന്ന് ‘ഞാന്‍ ബാഗ്ദാദിലേക്കു മടങ്ങും’ എന്ന് കര്‍ദിനാള്‍ വെളിപ്പെടുത്തി. ‘നിയമവാഴ്ച നിലനില്‍ക്കുന്നതിനാല്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഇത് ക്രിസ്ത്യാനികള്‍ക്ക് അവരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു’ – ബാഗ്ദാദിലെ അപൂര്‍വസന്ദര്‍ശനത്തിനിടെ ഏപ്രിലില്‍ സുഡാനിയെ കണ്ട കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.