യുദ്ധത്തിന്റെ ദുരിതങ്ങളാല്‍ വലയുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി കത്തോലിക്കാ സഭയുടെ സന്നദ്ധസംഘടനയായ കാരിത്താസ്. യുദ്ധമേഖലയിലെ കുട്ടികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആവശ്യമായ വാക്‌സിനുകള്‍ വിതരണം ചെയ്യുന്ന ദൗത്യത്തിലാണ് ഇപ്പോള്‍ ഈ സംഘടന.
കാരിത്താസ് സംഘടന, വാക്‌സിന്‍ വിതരണത്തിനു വിവിധ സംഘങ്ങള്‍ രൂപീകരിച്ചിരിക്കുകയാണ്. ഏകദേശം പതിനാലോളം സംഘങ്ങളായി തിരിഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കത്തക്കവണ്ണം സജ്ജീകരണങ്ങള്‍ ചെയ്യുന്നത്. പോളിയോബാധയ്ക്കെതിരെയുള്ള വാക്‌സിന്‍ വിതരണമാണ് ആദ്യം നടത്തുന്നതെന്നും ഇതിനായി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിദഗ്ധര്‍ പരിശീലനം നല്‍കിവരികയാണെന്നും കാരിത്താസ് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഇതിനോടകം മേഖലയില്‍ ലഭ്യമാക്കിയ വാക്‌സിനുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വിതരണം ചെയ്തുതുടങ്ങും.
നിലവില്‍ കാരിത്താസ് സംഘടനയ്ക്ക് ഒന്‍പതു ചികിത്സാകേന്ദ്രങ്ങളുണ്ടെങ്കിലും, വിവിധ സുരക്ഷാകാരണങ്ങളാല്‍ രണ്ടെണ്ണം പ്രവര്‍ത്തനക്ഷമമല്ല. ഗാസ നഗരത്തിലെ തിരുക്കുടുംബ ദൈവാലയം ചികിത്സാകേന്ദ്രങ്ങളിലൊന്നാണ്. ദേര്‍ അല്‍ ബലാഹിലെ പുതിയ യുദ്ധഭീഷണികള്‍മൂലം കാരിത്താസിന്റെ രണ്ടു ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് വീടുവിട്ടു മാറിത്താമസിക്കേണ്ടതായിവന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ് സംഘടന.
കാരിത്താസ് സംഘടനയുടെ നിസ്വാര്‍ഥമായ സേവനങ്ങളുടെ ഭാഗമായി ഏകദേശം 28,000-ലധികം ആളുകള്‍ക്കാണ് സഹായങ്ങള്‍ ലഭിച്ചത്. അതില്‍ 12,000-ലധികം ആളുകള്‍ക്ക് ചികിത്സാസഹായങ്ങളും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സംഘടനയ്ക്കു കഴിഞ്ഞിട്ടുണ്ട്.