വിഴിഞ്ഞം പ്രശ്നത്തില്‍ ലത്തീന്‍ ബിഷപ്പിനെതിരായ കേസ് പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സമരം നടന്നത് ഹൈക്കോടതി വിധി ലംഘിച്ചാണെന്നും നിയമസഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
“ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങള്‍ ലംഘിച്ചു നടന്ന സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ക്രമസമാധാനത്തിന്‍റെ ഭാഗമായുള്ള നിയമാനുസൃത നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്. അന്വേഷണത്തിന്‍റെ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്,”- മുഖ്യമന്ത്രി പറഞ്ഞു. സമര സ്ഥലത്തില്ലാത്ത ആർച്ച്ബിഷപ്പിനെതിരെ കേസെടുത്തത് ശരിയാണോ എന്ന പിറവം എംഎല്‍എ അനൂപ് ജേക്കബിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
തുറമുഖ നിര്‍മ്മാണത്തിനെതിരായി മത്സ്യത്തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ലത്തീന്‍ ബിഷപ്പിനും വൈദികര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് നവംബര്‍ അവസാനം സമരക്കാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ സമവായ ചര്‍ച്ചകളിലൂടെ സമരം ഒത്തുതീര്‍ക്കുകയായിരുന്നു.